ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കും: കെ.സുധാകരൻ

' ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ കേട്ട് കേരളം തരിച്ചിരുന്നുപോയി. ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുത്'

Update: 2023-02-15 16:37 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിപിഎമ്മിന്റെ അറിവും സമ്മതത്തോടെയുമാണ് മട്ടന്നൂരിൽ ഷുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിയതെന്ന് കോൺഗ്രസ് നാളിതുവരെ പറഞ്ഞിരുന്ന യാഥാർത്ഥ്യം വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി തന്നെ വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയെന്നും സുധാകരൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.ആകാശിന്റെ ഭീഷണിക്ക് മുന്നിൽ വിറങ്ങലിച്ചുപോയ സിപിഎം നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പു തന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുതെന്നും സുധാകരന്‍ പറഞ്ഞു.

Advertising
Advertising

കെ.സുധാകരന്റെ വാർത്താക്കുറിപ്പിന്റെ പൂർണരൂപം

ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കോൺഗ്രസ് എണ്ണിയെണ്ണി കണക്ക് പറയിപ്പിക്കും. സിപിഎമ്മിന്റെ അറിവും സമ്മതത്തോടെയുമാണ് മട്ടന്നൂരിൽ ഷുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിയതെന്ന് കോൺഗ്രസ് നാളിതുവരെ പറഞ്ഞിരുന്ന യാഥാർത്ഥ്യം വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി തന്നെ വെളിപ്പെടുത്തിയത് കേട്ട് കേരളം തരിച്ചിരുന്നുപോയി.

ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സിപിഎമ്മിന്റെ വൈകൃതമായ കൊലയാളി മുഖം പുറത്തായി. അരുംകൊലകൾ നടത്തുന്ന ഭീകരസംഘടനയാണ് സിപിഎം. അക്രമത്തിന്റെ ഉപാസകരായ അവരിൽ നിന്നും കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി. രക്തവെറിപൂണ്ട സിപിഎം നേതാക്കളെ തൃപ്തിപ്പെടുത്തുന്ന ആശ്രിതനായ ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിന്റെ കിരാത കൊലപാതകത്തിൽ സിപിഎം നേതൃത്വത്തിന്റെ പങ്ക് ലോകത്തോട് വിളിച്ച് പറഞ്ഞതും സിപിഎമ്മിലെ ഊതിവീർപ്പിച്ച ബലൂണുകളെ പച്ചയ്ക്ക് നേരിടുമെന്ന ഭീഷണി മുഴക്കിയതും. ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നിൽ എന്നും ഓച്ഛാനിച്ചു നിൽക്കാറുള്ള സിപിഎം ഇത്തവണയും പതിവ് തെറ്റിച്ചില്ല.

ആകാശിന്റെ ഭീഷണിക്ക് മുന്നിൽ വിറങ്ങലിച്ചുപോയ സിപിഎം നേതൃത്വം ഉടനടി ഇടപെട്ട് ഫേസ്ബുക്ക് കുറിപ്പു തന്നെ നീക്കം ചെയ്തു. അതുകൊണ്ട് ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുത്.

നീതിക്കുവേണ്ടി ഷുഹൈബിന്റെ കുടുംബാംഗങ്ങൾ യാചിക്കുമ്പോഴും കണ്ണിൽചോരയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വേണ്ടിയാണ് നികുതിപ്പണമെടുത്ത് കൊലയാളികളെ സംരക്ഷിക്കുന്നത്. ഷുഹൈബ് വധക്കേസിൽ പ്രതികൾക്കുവേണ്ടി സർക്കാർ ഖജനാവിൽ നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചാണ് സുപ്രിംകോടതിയിലെ മുൻനിര അഭിഭാഷകരെ നിയോഗിച്ചത്. സുപ്രിംകോടതിയിൽ കേസ് തുടരുന്നതിനാൽ ഈ തുക ഇനിയും കുതിച്ചുയരും.

പെരിയ ഇരട്ടക്കൊല കേസിലും പ്രതികളെ രക്ഷിക്കാൻ സിപിഎമ്മും സർക്കാരും കോടികളാണ് പൊടിച്ചത്. കൂറുമാറ്റക്കാരെയും ഒറ്റുകാരെയും ഒപ്പം നിർത്തി പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാനുള്ള ഗൂഢശ്രമങ്ങൾ സിപിഎം നടത്തിയതിന് തെളിവാണ് സി.കെ.ശ്രീധരന്റെ സിപിഎം പ്രവേശം. ശരത്ലാലിന്റെയും കൃപേഷിന്റെയും ഘാതകാരായ സിപിഎം പ്രതികളെ രക്ഷിക്കാനായി ഒരു കോടിരൂപയോളം ഫീസിനത്തിൽ അദ്ദേഹം കൈപ്പറ്റിയെന്നാണ് അറിയാൻ കഴിയുന്നത്. അഴിമതിയും വെട്ടിപ്പും നടത്തി സിപിഎം അവിഹിതമായി സമ്പാദിച്ച പണമാണ് മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണീരിന് വിലപറയാൻ പൊടിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News