കെ സുധാകരൻ കണ്ണൂരിൽ മത്സരിച്ചേക്കും, എതിരാളി എംവി ജയരാജൻ; പോരാട്ടം കനക്കും

കണ്ണൂർ രാഷട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് കരുത്തന്മാർ തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടും?

Update: 2024-02-27 02:14 GMT
Advertising

കണ്ണൂർ:യുഡിഎഫ് സ്ഥാനാർത്ഥിയായി കെ സുധാകരൻ കളത്തിലിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ കണ്ണൂരിൽ ഇത്തവണ പോരാട്ടം കനക്കും. പാർട്ടിയുടെ ഉരുക്കുകോട്ടയിൽ ജില്ലാ സെക്രട്ടറി എം വി ജയരാജനെ തന്നെ പോരിനിറക്കിയാണ് സിപിഎമ്മിന്റെ പട നീക്കം. കരുത്തന്മാരുടെ അങ്കക്കളത്തിൽ ആവനാഴിയിലെ അവസാന അമ്പും പ്രയോഗിച്ചാവും കണ്ണൂരിൽ ഇത്തവണ ഇരു മുന്നണികളുടെയും തെരഞ്ഞെടുപ്പ് പോരാട്ടം.

ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന് കെ സുധാകരൻ സമ്മതം മൂളിയാൽ കണ്ണൂരിൽ ഇത്തവണ കളം കൊഴുക്കും. കണ്ണൂർ രാഷട്രീയത്തിൽ കൊണ്ടും കൊടുത്തും വളർന്ന രണ്ട് കരുത്തന്മാർ തെരഞ്ഞെടുപ്പ് ഗോദയിൽ ഏറ്റുമുട്ടുന്നുവെന്നാതാവും പ്രത്യേകത.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം തുടങ്ങി. മത സാമുദായിക നേതാക്കൾ, പൗരപ്രമുഖർ തുടങ്ങിയവരുമായുളള കൂടിക്കാഴ്ചയിലാണ് ജയരാജൻ.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് വൈകിട്ട് കണ്ണൂർ നഗരത്തിൽ സ്ഥാനാർത്ഥിയെ ആനയിച്ചുളള ബഹുജന പ്രകടനവും നടക്കും. ബൂത്ത് തലം മുതൽ പ്രവർത്തകരും പ്രചാരണ പ്രവർത്തനങ്ങൾക്ക് സജ്ജം. പാർട്ടി സംവിധാനങ്ങളെ പരമാവധി പ്രവർത്തിപ്പിച്ചും നിക്ഷ്പക്ഷ വോട്ടുകളെ അനുകൂലമാക്കിയും കണ്ണൂർ കോട്ടയിൽ ചെങ്കൊടി പാറിക്കാമെന്ന ആത്മ വിശ്വാസത്തിലാണ് എൽഡിഎഫ്.

എം വി ജയരാജനെ നേരിടാൻ സുധാകരനോളം പോന്ന സ്ഥാനാർത്ഥി വേറെയില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിന് നന്നായറിയാം. അതുകൊണ്ട് തന്നെയാണ് പല പേരുകൾക്കുമൊടുവിൽ ചർച്ച സുധാകരനിൽ തന്നെ എത്തി നിൽക്കുന്നത്. ഇരു മുന്നണികളെയും മാറി മാറി വരിച്ചതാണ് കണ്ണൂരിന്റെ സമീപ കാല രാഷട്രീയ ചരിത്രം. അതു കൊണ്ട് തന്നെ ഇത്തവണ കണ്ണൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫിനും യുഡിഎഫിനും ഏറെ നിർണായകമാകുമെന്നുറപ്പ്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News