മുജാഹിദ് ബാലുശേരിയേയും ഫസൽ ഗഫൂറിനേയും അറസ്റ്റ് ചെയ്യണം: കെ.സുരേന്ദ്രന്‍

വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയ പി.സി ജോർജിന് അഭിവാദ്യമർപ്പിക്കാൻ എത്തിയതായിരുന്നു സുരേന്ദ്രന്‍

Update: 2022-05-25 12:56 GMT
Advertising

എറണാകുളം: പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യും മുമ്പ് അതിനേക്കാള്‍ വലിയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ  മുജാഹിദ് ബാലുശേരിയേയും ഫസൽ ഗഫൂറിനേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പി.സി ജോര്‍ജിനെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനാണ് തീരുമാനമെങ്കില്‍ അദ്ദേഹത്തിന് പൂര്‍ണപിന്തുണയും നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മുജാഹിദ് ബാലുശേരിക്കെതിരെ എഫ്.ഐ.ആര്‍ എടുത്തിട്ട് വര്‍ഷങ്ങളായെന്നും എന്നാല്‍ ഇതു വരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയ പി.സി ജോർജിന് അഭിവാദ്യമർപ്പിക്കാൻ എത്തിയതായിരുന്നു സുരേന്ദ്രന്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് ജോര്‍ജിനെ പാലാരിവട്ടത്ത് വരവേറ്റത്.  പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍ അടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു.

വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ അല്‍പ സമയം മുമ്പാണ് പി.സി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ഹാജരാകണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പൊലീസ് പി.സി ജോർജിന് ഇന്ന് നോട്ടീസ് നൽകിയിരുന്നു. അല്‍പ്പ സമയം മുമ്പാണ് തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി കോടതിയുടെ ഉത്തരവ് വന്നത്. വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് നേരത്തേ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. 

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയാണ് ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കിയത്. ജോര്‍ജിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോർജിന്‍റെ വിവാദ പ്രസംഗം. ഇതിനെത്തുടര്‍ന്ന് മെയ് ഒന്നിന് പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും മജിസ്ട്രേറ്റ് ജോർജിന് ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം പി.സി ജോർജ് നടത്തിയ പരാമർശങ്ങൾ പലതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കേസിനോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റം ആവർത്തിക്കരുത് ഇതൊക്കെയായിരുന്നു ജാമ്യ ഉപാധികൾ. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷവും പരമാർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായാണ് പി സി ജോർജ് പ്രതികരിച്ചത്. ജോർജ് നടത്തിയ പരാമർശങ്ങൾ ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. 

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News