രാഹുൽ ഗാന്ധി വയനാടിന്റെ പ്രധാനമന്ത്രി ആയി തുടരട്ടേ,യുപി മോഡലാണ് കേരളം മാതൃകയാക്കേണ്ടത്- കെ.സുരേന്ദ്രൻ

കോൺഗ്രസ് രാജ്യത്ത് പൂർണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വൻവിജയം ലഭിക്കാൻ കാരണമായതെന്നും സുരേന്ദ്രൻ പറഞ്ഞു.

Update: 2022-03-10 08:00 GMT
Editor : Dibin Gopan | By : Web Desk

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലിലും ബിജെപി മിന്നും ജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ് രാജ്യത്ത് പൂർണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വൻവിജയം ലഭിക്കാൻ കാരണമായതെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് പ്രധാനമന്ത്രി സ്ഥാനാർഥിയായി മുന്നോട്ട് വെച്ച രാഹുൽഗാന്ധി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരട്ടേ.യു.പി മോഡലാണ് കേരളം മാതൃകയാക്കേണ്ടതെന്നും യു.പി താരതമ്യം ചെയ്ത് സിപിഎം നടത്തിയത് നുണ പ്രചാരണമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Advertising
Advertising

അതേസമയം, എക്‌സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യമാക്കിക്കൊണ്ട് ബി.ജെ.പി തേരോട്ടം തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ നാലിടത്തും ബി.ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്. കോൺഗ്രസിൻറെ കരുത്തുറ്റ കോട്ടയായ പഞ്ചാബിൽ മാത്രമാണ് കാവി പുതയ്ക്കാതിരുന്നത്. ഇവിടെ കോൺഗ്രസിനെ അട്ടിമറിച്ചുകൊണ്ട് ആം ആദ്മി തരംഗത്തിനാണ് പഞ്ചാബ് സാക്ഷിയായിക്കൊണ്ടിരിക്കുന്നത്.

രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിൽ തുടക്കം മുതലേ ഭരണകക്ഷിയായ ബി.ജെ.പി മുന്നേറിക്കൊണ്ടിരുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ പ്രധാന എതിരാളിയായ സമാജ്‌വാദി പാർട്ടിക്ക് സാധിച്ചില്ല. വോട്ടെണ്ണൽ കഴിഞ്ഞ മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസിന് വളരെ കുറച്ചു സീറ്റുകളിൽ ലീഡ് നിലനിർത്താനായത്. 403 സീറ്റുകളിൽ 263 സീറ്റുകളിലാണ് യുപിയിൽ ബി.ജെ.പി ലീഡ് ചെയ്യുന്നത്. അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച അഖിലേഷ് യാദവിൻറെ എസ്.പിക്ക് 127 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. കോൺഗ്രസും ബിഎസ്പിയും ആറ് സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുപാർട്ടികൾ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

വലിയൊരു രാഷ്ട്രീയ മാറ്റത്തിൻറെ വരവറിയിച്ചുകൊണ്ട് കോൺഗ്രസിൽ നിന്നും പഞ്ചാബിനെ തൂത്തെറിഞ്ഞിരിക്കുകയാണ് ആം ആദ്മി. പടലപ്പിണക്കങ്ങളും ആഭ്യന്തര കലഹവും കോൺഗ്രസിനെ നാശത്തിലേക്ക് നയിച്ചപ്പോൾ അട്ടിമറി വിജയം നേടിയിരിക്കുകയാണ് ആപ്പ്. 117 സീറ്റുകളിൽ 91 മണ്ഡലങ്ങളിൽ എഎപി സ്ഥാനാർഥികൾ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകക്ഷിയായ കോൺഗ്രസ് ആകട്ടെ 16 സീറ്റിലേക്കു മാത്രമായി ചുരുങ്ങി. ബി.ജെ.പിക്ക് മൂന്നും ശിരോമണി അകാലിദളിന് ആറും സീറ്റാണ് ലഭിച്ചത്. ഉത്തരാഖണ്ഡിൽ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ബി.ജെ.പി ഭരണത്തുടർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.70 അംഗ നിയമസഭയിൽ ലീഡ് നിലയിൽ ബിജെപി കേവലഭൂരിപക്ഷം കടന്നു. 47 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും പിന്നിലാണ്.കോൺഗ്രസ് 20 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാർട്ടിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല.

ഗോവയിൽ ആദ്യം കോൺഗ്രസിനായിരുന്നു ലീഡെങ്കിലും പതിയെപതിയെ ബി.ജെ.പി കളം പിടിച്ചെടുക്കുകയായിരുന്നു. 18 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 12 സീറ്റുമായി കോൺഗ്രസ് തൊട്ടുപിന്നിലുണ്ട്. ആദ്യം പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇപ്പോൾ ലീഡ് നില ഉയർത്തിയിട്ടുണ്ട്. മണിപ്പൂരിലും കോൺഗ്രസിന് പ്രതീക്ഷക്ക് വകയൊന്നുമില്ല. ഇവിടെ ബി.ജെ.പി ഭരണം നിലനിർത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 26 സീറ്റിലാണ് ബി.ജെ.പിക്ക് ലീഡ്. ഇതോടെ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്. 11 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് മുന്നേറാനായത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News