തെളിവുകളില്ലാതെ നടത്തിയ അഹമ്മദാബാദ് കോടതി വിധി നീതിയെ തൂക്കിലേറ്റുകയാണ്: വെൽഫെയർ പാർട്ടി

സ്വാതന്ത്ര്യത്തിനുശേഷം ഇത്രയധികം പേരെ ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് അഹമ്മദാബാദ് കേസിലാണെന്നും ഒരു കേസിൽ 38 മനുഷ്യരെ തൂക്കിലേറ്റണമെന്ന വിധി ജനാധിപത്യ സമൂഹമെന്ന് പെരുമ പറയുന്നവരിൽ ഒരു പ്രതികരണവും സൃഷ്ടിക്കാതെ കടന്നുപോകുന്നുവെന്നും കെ.എ ഷഫീഖ്

Update: 2022-02-20 16:24 GMT
Advertising

വേണ്ടത്ര തെളിവുകളില്ലാതെ 38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ച അഹമ്മദാബാദ് കോടതി ഉത്തരവ് നീതിയെ തൂക്കിലേറ്റുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽസെക്രട്ടറി കെ.എ ഷഫീഖ്. സംഘ്പരിവാർ അനുകൂല സാമൂഹികാവസ്ഥ നിർമ്മിക്കാൻ മുസ്‌ലിംകളെ പ്രതികളാക്കി അനേകം സംഭവങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും ഭീകരാക്രമണങ്ങൾ സൃഷ്ടിച്ച് കുറേ പേരെ ദീർഘകാലം ജയിലിലിടുകയും പിന്നീട് കുറേ പേരെ വെറുതേവിടുകയും കുറച്ചുപേരെ ശിക്ഷിക്കുകയും ചെയ്യുന്നത് രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം കുറ്റപ്പെടുത്തി. ജയിലിൽ അടക്കപ്പെട്ട നിരപരാധികളും ബന്ധുക്കളും ഈ കളിയിൽ ജീവിതം നശിച്ചവരായി തീരുമെന്നും അങ്ങനെ അധികാരം നേടാനും ഉറപ്പിക്കാനുമുള്ള സംഘപരിവാർ വഴിയിൽ വെന്തുരുകുന്ന മനുഷ്യർ നിരവധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യത്തിനുശേഷം ഇത്രയധികം പേരെ ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് അഹമ്മദാബാദ് കേസിലാണെന്നും ഒരു കേസിൽ 38 മനുഷ്യരെ തൂക്കിലേറ്റണമെന്ന വിധി ജനാധിപത്യ സമൂഹമെന്ന് പെരുമ പറയുന്നവരിൽ ഒരു പ്രതികരണവും സൃഷ്ടിക്കാതെ കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അപരവൽക്കരണത്തിന് തെരഞ്ഞെടുക്കപ്പെട്ട ജനവിഭാഗങ്ങളെ ഭരണാധികാരം ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ സാമൂഹിക പിന്തുണ ആവശ്യമാണെന്നും അതിനായുള്ള ഭീകരാക്രമണ സംഭവങ്ങളെ ആ കണ്ണോടെ നോക്കി കാണാൻ സംഘ്പരിവാരേതര ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

കെ.എ ഷഫീഖ് എഴുതിയ പോസ്റ്റിന്റെ പൂർണ രൂപം:

അഹമ്മദാബാദ് കോടതി വിധി നീതിയെ തൂക്കിലേറ്റുകയാണ്.

-------------------------------------------------------

സംഘ്പരിവാർ അനുകൂല സാമൂഹികാവസ്ഥ നിർമ്മിക്കാൻ മുസ്ലീങ്ങളെ പ്രതികളാക്കി അനേകം സംഭവങ്ങൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

കൃത്യമായ തിരക്കഥകളിലൂടെ ഭീകരാക്രമണങ്ങൾ, പ്രതി പട്ടിക ഉണ്ടാക്കൽ , അറസ്റ്റ് , ഭീകര നിയമം ചുമത്തൽ , ദീർഘമായ വിചാരണ,

ജാമ്യ നിഷേധം എന്നിങ്ങനെ കാര്യങ്ങൾ ചേരുംപടി നടക്കും. വസ്തുതാപരമായ തെളിവുകൾ ഒന്നും ഉണ്ടാകില്ല .

ഒടുവിൽ വിധി വരുമ്പോൾ കുറച്ച് പേരെ ശിക്ഷിക്കും കുറേ പേരെ വെറുതെ വിടും. എത്ര കാലമായി ഇത് തുടരുന്നു.

നിരപരാധികളായി ജയിലിൽ അടക്കപ്പെട്ടവരും ബന്ധുക്കളും ഫാസിസത്തിന്റെ അധികാര താൽപ്പര്യത്തിന് വേണ്ടി ജീവൻ എടുക്കപ്പെട്ട പാവം മനുഷ്യരും അവരുടെ ഉറ്റവരും ഈ കളിയിൽ ജീവിതം നശിച്ചവരായി തീരും.

ഒരു തെളിവും ഇല്ലാഞ്ഞിട്ടും സംഘ്പരിവാർ സുഷ്ടിച്ച സമൂഹ ബോധത്തെ തൃപ്തിപ്പെടുത്താൻ തുക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു മുതൽ എത്ര എത്ര മനുഷ്യരെയാണ് ഇങ്ങനെ കുരുതി കൊടുത്തത്. മഅദനിയും സക്കരിയയും സിദ്ധീഖ് കാപ്പനും ഉമർ ഖാലിദും പേരു കൊണ്ടുപോലും അറിയാത്ത മറ്റനേകം പേരും.

അങ്ങനെ അധികാരം നേടാനും ഉറപ്പിക്കാനുമുള്ള സംഘപരിവാർ വഴിയിൽ വെന്തുരുകുന്ന മനുഷ്യർ എത്രയാണ്.

മലേഖാവ് , പാർലമെൻറ് ആക്രമണങ്ങൾ, മുംബൈ ഭീകരാക്രമണം, ബട്ലാ ഹൗസ് വെടിവെപ്പ്, മക്കാ മസ്ജിദ് ആക്രമണം, തുടങ്ങിയ ഭീകരാക്രമണങ്ങളുടെ വസ്തുതകൾ അന്വേഷിച്ചവർക്ക് ഇക്കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്.

ഹേമന്ദ് കർക്കരെ ഉൾപ്പടെയുള്ളവർ കൊലചെയ്യപ്പെട്ട മുംബൈ ഭീകരാക്രമണം സംബന്ധിച്ച് മഹാരാഷ്ടാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്ന ഐ.ജി എസ്.എം.മുഷ് രിഫ് പുറത്തുവിട്ട വിവരങ്ങളും ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ കുറിച്ച മാധ്യമ പ്രവർത്തകൻ എ.റഷീദുദ്ദീന്റെ പുസ്തകവും, മറ്റനേകം വസ്തുതാന്വേഷണ റിപ്പോർട്ടുകളും ഇതെല്ലാം ശരിവെക്കുന്നുണ്ട്. ഇപ്പോൾ 2008 ൽ അഹമ്മദാബാദിൽ നടന്ന ബോംബ് സ്ഫോടന പരമ്പരകളുടെ വിധി വന്നിരിക്കുന്നു. മലയാളികളായ ശിബിലി , ഷാദുലി, എന്നിവർ അടക്കം 38 പേർക്ക് വധ ശിക്ഷയും 11 പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരിക്കുന്നു സ്വാതന്ത്ര്യത്തിനുശേഷം ഇത്രയധികം പേരെ ഒരുമിച്ച് വധശിക്ഷക്ക് വിധിക്കുന്നത് ആദ്യമാണ്.

മുസ്‌ലിംവംശഹത്യ ലക്ഷ്യമായി പ്രഖ്യാപിച്ച പ്രത്യശാസ്ത്രത്തിന്റെ വക്താക്കളാൽ നയിക്കപ്പെടുന്ന ഒരു ഭരണകൂടം ഒന്നിനെ പിറകെ ഒന്നായി മുസ്ലീങ്ങളെ വേട്ടയാടി കൊണ്ടിരിക്കുമ്പോൾ അവർക്ക് കൂട്ടകൊലക്കുള്ള നിയമപരമായ വഴിയൊരുക്കി കൊടുക്കുകയാണ് ഈ വിധി ചെയ്യുന്നത്.

അപ്പീൽ കോടതികൾ ഇനി ഉണ്ടെങ്കിലും നമ്മുടെ നീതിന്യായ വ്യവസ്ഥ ഫാസിസ്റ്റ് കാലത്ത് എങ്ങനെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവായി ഈ വിധിയെ മനസ്സിലാക്കാവുന്നതാണ്.

വധശിക്ഷക്കെതിരെ ഇന്ത്യയിലും പുറത്തും വലിയതോതിലുള്ള ക്യാമ്പയിനുകൾ നടന്നുകൊണ്ടിരിക്കുന്ന കാലത്ത് ഒരു കേസിൽ 38 മനുഷ്യരെ തൂക്കിലേറ്റണമെന്ന വിധി ജനാധിപത്യ സമൂഹമെന്ന് പെരുമ പറയുന്നവരിൽ ഒരു പ്രതികരണവും സൃഷ്ടിക്കാതെ കടന്നുപോകുന്നു. ഇതിലൂടെ ഫാഷിസ്റ്റ് വാഴ്ചയിൽ നിശബ്ദതയെ എത്ര കണ്ട് ആസ്വദിക്കുന്നു എന്നു വെളിപ്പെടുകയാണ്.

അപരവൽക്കരണത്തിന് തെരഞ്ഞെടുക്കപ്പെട്ട ജനവിഭാഗങ്ങളെ ഭരണാധികാരം ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ സാമൂഹിക പിന്തുണ ആവശ്യമാണ്. അത്തരം പിന്തുണ നിർമ്മിതിക്ക് വേണ്ടി ബലി കൊടുക്കപ്പെടേണ്ടവരാണ് മുസ്ലിം ചെറുപ്പക്കാർ എന്നു ഫാസിസ്റ്റുകൾ തീരുമാനിച്ചിട്ടുണ്ട്. ഇത് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് . ഇന്ത്യയിലെ ഭീകരാക്രമണ സംഭവങ്ങളെ ആ കണ്ണോടെ നോക്കി കാണാൻ സംഘ്പരിവാർ ഇതര ഇന്ത്യക്ക് ബാധ്യതയുണ്ട്. പക്ഷേ അത്തരം സംഭവങ്ങൾക്കും നീതി നിഷേധ വിധികൾക്കും മുമ്പിൽ തൊണ്ട അടഞ്ഞ് നിൽക്കുന്ന പതിവ് ഇപ്പോഴും തുടരുകയാണ്. ആ ഒച്ച ഇല്ലായ്മയെ സാമൂഹിക സമ്മതിയാക്കി മാറ്റി സംഘപരിവാർ രാഷ്ട്രീയ വളർച്ച നേടുന്നത് നിസ്സഹായമായി നോക്കിനിൽക്കുകയാണ് പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ . അതുകൊണ്ടുതന്നെ അവരുടെ എല്ലാം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ദേശവിരുദ്ധയുടെ ചായം പൂശി വികൃതവൽക്കരിക്കാൻ സംഘപരിവാറിന് എളുപ്പമാണ്.

അഹമ്മദാബാദ് വിധി നീതിയെ തന്നെ കൊലപ്പെടുത്തുന്നതാണ് എന്ന കാര്യത്തിൽ തർക്കമില്ല.

Full View

KA Shafeeq, state general secretary of the Welfare Party, said that the Ahmedabad court order sentencing 38 people to death and 11 to life imprisonment without sufficient evidence was hanging in the balance of justice.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News