അനുനയ നീക്കവുമായി പ്രേംകുമാറിൻ്റെ വീട്ടിലെത്തി കടകംപള്ളി; കാണാനാകാതെ മടങ്ങി
കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കടകംപള്ളി അനുനയനീക്കവുമായി എത്തിയിരിക്കുന്നത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ആരോപണങ്ങളുയര്‍ത്തിയ നടന്‍ പ്രേംകുമാറിനെ അനുനയിപ്പിക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍. അനുനയനീക്കവുമായി പ്രേംകുമാറിന്റെ കഴക്കൂട്ടത്തെ വീട്ടില്‍ കടകംപള്ളി എത്തിയെങ്കിലും നടന്‍ വീട്ടിലില്ലാത്തതിനാല്‍ കാണാനാകാതെ മടങ്ങി. പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കടകംപള്ളി അനുനയനീക്കവുമായി എത്തിയിരിക്കുന്നത്.
പ്രേംകുമാറുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. പ്രേംകുമാറുമായി ഫോണിലൂടെയാണ് സംസാരിച്ചത്. ഇതിന് പിന്നാലെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന അഭ്യൂഹം സജീവമായത്. എന്നാല്‍, പ്രേംകുമാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതേസമയം, തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ പ്രേംകുമാര്‍ ഇന്നും സര്‍ക്കാരിനെതിരെ ആരോപണമുയര്‍ത്തി. അക്കാദമി സെക്രട്ടറി എത്ര കാലമായി ആ പദവിയില്‍ തുടരുകയാണെന്ന് പ്രേംകുമാര്‍ ചോദിച്ചു. സ്വാഭാവിക മാറ്റമെന്ന് പറയുമ്പോള്‍ എല്ലായിടത്തും ആ മാറ്റം ഉണ്ടാകേണ്ടേ? ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്ന എന്നെ മാത്രം തിരഞ്ഞുപിടിച്ച് എന്ത് ന്യായത്തിലാണ് മാറ്റിയത്. ഒരു അറിയിപ്പു പോലും ഇല്ലാതെ, എന്നോടൊപ്പം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോട് ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെ ഇവിടെ നിന്ന് പുറത്താക്കിയതാണ് എന്നെ -പ്രേംകുമാര്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഇരട്ടനീതി നടന്നെന്ന ആരോപണവുമായാണ് പ്രേംകുമാര്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ പ്രസ്താവന നടത്തിയിട്ടും സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആശാസമരവുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് തന്നെ പുറത്താക്കാന്‍ കാരണം. അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച ഇടത്തുനിന്ന് പറഞ്ഞുവിടുമ്പോള്‍ അതിനൊരു മാന്യത വേണമായിരുന്നെന്നും പ്രേംകുമാര്‍ പറഞ്ഞിരുന്നു.