കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി കൈമാറ്റം; പരസ്യ പ്രതിഷേധവുമായി ലീഗ്

പദവി കൈമാറ്റത്തില്‍ തീരുമാനമാകുന്നത് വരെ കോര്‍പറേഷനിലെ പരിപാടികളില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കും.

Update: 2023-07-02 15:34 GMT
Editor : vishnu ps | By : Web Desk
Advertising

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി കൈമാറ്റത്തില്‍ പരസ്യ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്. മേയര്‍ സ്ഥാനം കൈമാറിയില്ലെങ്കില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്നും മേയര്‍ പദവി രണ്ടര വര്‍ഷം പങ്കിടല്‍ ധാരണ പാലിക്കണമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി പറഞ്ഞു.

മേയര്‍ പദവി കൈമാറ്റത്തില്‍ തീരുമാനമാകുന്നത് വരെ കോര്‍പറേഷനിലെ പരിപാടികളില്‍ നിന്ന് ലീഗ് വിട്ടുനില്‍ക്കും. നാളെ പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കാനും ലീഗ് നേതൃയോഗത്തില്‍ തീരുമാനമായെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് യു.ഡി.എഫ് ഭരിക്കുന്ന ഏക കോര്‍പ്പറേഷനാണ് കണ്ണൂര്‍. നഗരസഭയായിരുന്നപ്പോള്‍ മുതല്‍ രണ്ടര വര്‍ഷം വീതമാണ് അധ്യക്ഷ പദവി കോണ്‍ഗ്രസും ലീഗും പങ്കിട്ട് വന്നിരുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭരണം യു.ഡി.എഫിന് ലഭിച്ചപ്പോഴും ഈ ഒരു ഫോര്‍മുല തന്നെയാണ് ലീഗ് മുന്നോട്ടുവെച്ചത്.

അതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ടി.യു. മോഹനന്‍ ആദ്യത്തെ രണ്ടര വര്‍ഷത്തെ മേയര്‍ കാലാവധി പൂര്‍ത്തീകരിച്ചു. ഇനി മേയര്‍ സ്ഥാനം വിട്ടുനല്‍കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട പല തരത്തിലുള്ള ചര്‍ച്ചകള്‍ ഇതിനകം കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 3-2 എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. മൂന്ന് വര്‍ഷം കോണ്‍ഗ്രസിനും രണ്ട് വര്‍ഷം ലീഗിനും. ഇതോടെയാണ് ലീഗ് കടുത്ത നിലപാടുമായി മുന്നോട്ടെത്തിയത്.

Full View
Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

By - Web Desk

contributor

Similar News