ചോദ്യപേപ്പർ ഇ- മെയിൽ ചെയ്യാനൊരുങ്ങി കണ്ണൂർ സർവകലാശാല; പരീക്ഷാ സമ്പ്രദായം അട്ടിമറിക്കാനെന്ന് വിമർശനം

പരീക്ഷയ്ക്ക് ഒന്നര മണിക്കൂർ മുമ്പ് കോളജ് അധികൃതർ ചോദ്യപേപ്പർ പ്രിൻറെടുത്ത് വിതരണം ചെയ്യണമെന്നാണ് നിർദേശം

Update: 2022-05-05 02:44 GMT
Advertising

കണ്ണൂര്‍: ചോദ്യപ്പേപ്പറുകൾ ഇ- മെയിൽ ചെയ്യാനുള്ള തീരുമാനവുമായി കണ്ണൂർ സർവകലാശാല. ഡിഗ്രി, പി.ജി, ബിഎഡ് പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളാണ് ഇ- മെയിലായി അയക്കുക. പരീക്ഷയ്ക്ക് ഒന്നര മണിക്കൂർ മുമ്പ് കോളജ് അധികൃതർ ചോദ്യപേപ്പർ പ്രിന്‍റെടുത്ത് വിതരണം ചെയ്യണമെന്നാണ് പരീക്ഷാ കണ്‍ട്രോളറുടെ നിര്‍ദേശം. സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തി. 

കോളജിന്റെയോ പ്രിൻസിപ്പാലിന്റെയോ മെയിലിലേക്കാണ് ചോദ്യപേപ്പർ അയക്കുക. തീരുമാനം പരീക്ഷാ ക്രമക്കേടിന് വഴിവെക്കുമെന്നാണ് അധ്യാപക സംഘടനകൾ ആരോപിക്കുന്നത്. പ്രിന്‍റെടുക്കുന്ന സമയത്തിനുള്ളില്‍ ചോദ്യങ്ങള്‍ ചോരാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍റര്‍നെറ്റ് ലഭ്യത കുറവുള്ള വിദൂരസ്ഥലങ്ങളിലേക്ക് ചോദ്യപേപ്പര്‍ അയക്കുന്നതിലെയും പ്രിന്‍റെടുക്കുന്നതിലെയും പ്രായോഗികതയും അധ്യാപകര്‍ ചോദ്യം ചെയ്യുന്നുണ്ട്.

പരീക്ഷാ സമ്പ്രദായം അട്ടിമറിക്കാനുള്ള തീരുമാനമാണിതെന്നും ഇതില്‍ നിന്നും സര്‍വകലാശാല പിന്മാറണമെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിട്ടുമുണ്ട്.    

അതേസമയം, കോളജുകളില്‍ യു.ജി, പി.ജി പരീക്ഷകളിലേക്ക് ചോദ്യപേപ്പര്‍ ഓണ്‍ലൈനായി എത്തിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയുടെ പഠന വകുപ്പുകളിലും മറ്റ് സര്‍വകലാശാലകളിലും ഇത്തരത്തില്‍ പരീക്ഷാ നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News