ബലം പ്രയോഗിച്ച് ചുംബിക്കാൻ ശ്രമം; യുവാവിന്റെ നാവ് കടിച്ചുമുറിച്ച് യുവതി

ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം

Update: 2025-11-20 07:12 GMT

ലഖ്‌നൗ: ബലമായി പിടിച്ചുവെച്ച് ചുംബിക്കാൻ ശ്രമിച്ചയാളുടെ നാവ് കടിച്ചുമുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. വിവാഹിതനായ ഇയാളും യുവതിയും നേരത്തെ സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. 35 കാരനായ ചംപി എന്ന രാജിനാണ് നാവിന്റെ പകുതി ഭാഗം നഷ്ടമായത്.

മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതിൽ ചംപി അസ്വസ്ഥനായിരുന്നു. യുവതിയെ കാണാൻ ഇയാൾ നിരന്തരം ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക് കുളക്കടവിലേക്ക് ചെളി എടുക്കാൻ പോയ യുവതിയെ പിന്തുടരുകയും കയറിപ്പിടിച്ച് ചുംബിക്കുകയുമായിരുന്നു.

ഇതിനിടെയാണ് യുവതി ഇയാളുടെ നാവ് കടിച്ച് മുറിച്ചത്. ചംപിയുടെ നാവ് മുറിഞ്ഞ് നിലത്ത് വീണു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് കമ്മീഷണർ ദിനേശ് ത്രിപാഠി പറഞ്ഞു.

ചംപിയുടെ പരിക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ചംപിക്ക് ശബ്ദം പുറപ്പെടുവിക്കാൻ കഴിയും. പക്ഷേ, വ്യക്തമായി സംസാരിക്കാൻ കഴിയില്ല. നാവിന്റെ വലിയൊരു ഭാഗം മുറിഞ്ഞുപോയതിനാൽ ഉച്ചാരണത്തെ സാരമായി ബാധിക്കുമെന്നും കാൺപൂർ മെഡിക്കൽ കോളജിലെ സർജറി വിഭാഗത്തിലെ ഡോക്ടർ ജി.ഡി യാദവ് പറഞ്ഞു.

യുവതിയുടെ സഹോദരൻമാരും ബന്ധുക്കളും ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം. പ്രാഥമിക അന്വേഷണത്തിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News