കരുവന്നൂർ ബാങ്ക് തട്ടിപ്പ്; രണ്ടുപേരെ അറസ്റ്റ് ചെയ്ത് ഇ.ഡി

പി.പി.കിരൺ 14 കോടി രൂപ തട്ടിയെടുക്കുകയും ഇതിൽ ഒരു പങ്ക് സതീഷ് കുമാറിന് നൽകുകയും ചെയ്തെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ

Update: 2023-09-04 17:04 GMT

കോഴിക്കോട്: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ രണ്ടുപേർ അറസ്റ്റിൽ. മുൻമന്ത്രി എ.സി.മൊയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന സതീഷ് കുമാർ, ഇടനിലക്കാരൻ പി.പി.കിരൺ എന്നിവരുടെ അറസ്റ്റാണ് ഇ.ഡി രേഖപ്പെടുത്തിയത്. ഇരുവരെയും ഇന്ന് വിശദമായി ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്.

പി.പി.കിരൺ 14 കോടി രൂപ തട്ടിയെടുക്കുകയും ഇതിൽ ഒരു പങ്ക് സതീഷ് കുമാറിന് നൽകുകയും ചെയ്തെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പറയുന്ന ദിവസം ഹാജരാകുമെന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ നേരത്തെ അറിയിച്ചിരുന്നു. നിയമനടപടിയെ കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും എ.സി മൊയ്തീൻ ആരോപിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് തവണ നോട്ടീസ് നൽകിയിട്ടും മൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.

Advertising
Advertising

ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാൻ എ.സി മൊയ്തീന് നോട്ടീസ് നൽകിയിരുന്നെങ്കിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ആയതിനാൽ ഹാജരാകേണ്ടതില്ലെന്നായിരുന്നു പാർട്ടി നിർേദശം. പൊതു അവധി ആയതിനാൽ നികുതി രേഖകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തെ വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകാൻ കഴിയില്ല എന്ന് മൊയ്തീൻ ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 150 കോടിയുടെ തട്ടിപ്പ് നടന്ന കേസിൽ ബിനാമികൾക്ക് ലോൺ അനുവദിക്കാൻ നിർദേശിച്ചത് എ.സി മൊയ്തീൻ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെ എ.സി മൊയ്തീന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News