പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; എസ്.ഐ അടക്കം മൂന്നുപൊലീസുകാർക്കെതിരെ കേസെടുത്തു
കാസർകോട് മജ്‌സ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി
കാസർകോട്: പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസിന് തിരിച്ചടി. എസ്.ഐ അടക്കം മൂന്ന് പൊലീസുകാർക്കെതിരെ കോടതി നേരിട്ട് കേസെടുത്തു. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ആഗസ്ത് 29 - നാണ് കാസർകോട് അംഗടിമുഗർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി ഫർഹാസ് മരിച്ചത്.
ഫർഹാസിന്റെ മാതാവ് സഫിയയുടെ പരാതി പരിഗണിച്ചാണ് കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 എസ് ഐ അടക്കം മൂന്ന് പൊലീസുകാർക്കെതിരെ നേരിട്ട് കേസെടുത്തത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ എസ് ആർ രജിത്, സിപിഒമാരായ ടി ദീപു, പി രഞ്ജിത് എന്നിവർക്കെതിരെയാണ് കേസ്. നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും.സഫിയയുടെ മൊഴി കോടതി ചൊവ്വാഴ്ച രേഖപ്പെടുത്തി.
കേസിൽ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സഫിയ പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടാവാത്തതോടെയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മംഗളൂരുലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ 29നായിരുന്ന മരണം. മരണത്തിൽ പ്രതിഷേധം ശക്തമായതോടെ എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെ അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയിരുന്നുവെങ്കിലും സംഭവത്തിൽ പൊലീസിന് വീഴ്ച്‌ച ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയത്. പൊലീസ് പിന്തുടരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ട കോടതി സാക്ഷികളുടെ മൊഴിയെടുക്കുന്നതിനായി കേസ് 2024 ജനുവരി ആറിലേക്ക് മാറ്റി.