കാസര്‍കോട് സ്വര്‍ണവ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ അന്വേഷണം ഊർജിതം

കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് ദേശീയപാതയിലൂടെ പോവുകയായിരുന്ന കാര്‍ തടഞ്ഞ് പണം തട്ടിയത്

Update: 2021-09-27 01:53 GMT

കാസര്‍കോട് ദേശീയപാതയില്‍ സ്വര്‍ണവ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ അന്വേഷണം ഊർജിതം. 65 ലക്ഷം രൂപ കവർന്നതായാണ് പരാതി. എന്നാൽ കവര്‍ന്നത് 65 ലക്ഷമല്ലെന്നും മൂന്നുകോടിയോളം രൂപയുണ്ടാകാമെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കവർച്ചക്ക് പിന്നിൽ തലശ്ശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് ദേശീയപാതയിലൂടെ പോവുകയായിരുന്ന കാര്‍ തടഞ്ഞ് പണം തട്ടിയത്. പട്ടാപ്പകല്‍ കാര്‍ തടയുകയും ഡ്രൈവറെയടക്കം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. സംഭവം നടന്ന് ഒരുദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

Advertising
Advertising

പണത്തിന്‍റെ ഉറവിടം കാണിക്കേണ്ടതിനാല്‍ പൊലീസിനോട് നഷ്ടപ്പെട്ട തുക മുഴുവനായി പറഞ്ഞിട്ടുണ്ടാകില്ലെന്നാണ് പൊലിസിന്‍റെ കണക്ക് കൂട്ടൽ. മൂന്നുകോടിയെങ്കിലും നഷ്ടപ്പെട്ടു കാണുമെന്നാണ് സൂചന. കവര്‍ച്ചാസംഘം മൂന്ന് കാറുകളിലായാണ് യാത്ര ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് കാറിലും ഉപയോഗിച്ചത് വ്യാജ നമ്പരുകളാണ്. സ്വര്‍ണവ്യാപാരിയുടെ കാര്‍ ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിര്‍ കഴിഞ്ഞ ചൊവ്വാഴ്ച തലശ്ശേരിയില്‍ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തലശ്ശേരിയിലുള്ള ക്വട്ടേഷന്‍ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്വര്‍ണവ്യാപാരിയുടെ പണം കൊണ്ടുപോയ കാര്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ എത്തിച്ചിട്ടുണ്ട്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News