കേരളത്തിലെ ജനങ്ങൾ പട്ടിണിക്കിടന്ന് മരിക്കാതിരിക്കാൻ കാരണം കേന്ദ്ര സർക്കാർ; കെ.സുരേന്ദ്രൻ
അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം വെറും പ്രചരണ തട്ടിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ പട്ടിണിക്കിടന്ന് മരിക്കാതിരിക്കാൻ കാരണം കേന്ദ്ര സർക്കാരാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം വെറും പ്രചാരണ തട്ടിപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പിആർ തട്ടിപ്പ് മാത്രമാണിത്, വീണ്ടും അധികാരത്തിൽ വരാൻ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രം. സമ്പൂർണ വൈദ്യുതീകരണം എ.കെ ബാലൻ്റെ കാലത്ത് പ്രഖ്യാപിച്ചു. ഇപ്പോഴും വൈദ്യുതിയില്ലാത്ത വീടുകൾ നാട്ടിലുണ്ട്. കേരളത്തിൽ പട്ടിണി ഇല്ലാത്തതിന് മോദി സർക്കാറിനോടാണ് ആളുകൾ കടപ്പെട്ടിരിക്കുന്നത്. അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണിത്. സർക്കാർ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തത്. സർക്കാർ ഖജനാവിൽ കാശില്ലാത്തതിനാൽ കേന്ദ്ര പദ്ധതികൾ അട്ടിമറിച്ചു. നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. കണ്ടെത്തിയ അറുപതിനായിരം പേരിൽ ഭൂരിഭാഗവും സിപിഐഎം പ്രവർത്തകരാണ്. സർവ്വേ നടത്തിയത് എകെജി സെന്ററിൽ നിന്ന് പറഞ്ഞയച്ച വിദഗ്ധരെ വച്ചെന്നും സുരേന്ദ്രൻ.