'സർക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റ് നിർബന്ധിക്കുന്നു'; ആരോപണവുമായി മുഖ്യമന്ത്രി

പരിപാടിക്ക് ആളെ കൂട്ടാനല്ല, വന്ന ആളുകളുടെ പരിമിതി കാരണം ഇരുത്താനാണു പ്രയാസപ്പെടുന്നതെന്ന് മുഖ്യമന്ത്രി

Update: 2024-02-24 07:23 GMT
Editor : Shaheer | By : Web Desk
പിണറായി വിജയന്‍
Advertising

കണ്ണൂർ: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റ് നിർബന്ധിക്കുന്നു. മാധ്യമങ്ങൾ നന്നാകില്ലെന്ന് അറിയാമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

നവകേരള സദസ്സിന്റെ ഭാഗമായി കണ്ണൂരിൽ ആദിവാസി, ദലിത് വിഷയങ്ങളിലുള്ള മുഖാമുഖം പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ ആളെക്കൂട്ടാൻ പെടാപ്പാട് പെടുകയാണെന്ന് ഒരു മാധ്യമത്തിൽ വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിക്ക് ആളെ കൂട്ടാനല്ല, വന്ന ആളുകളുടെ പരിമിതി കാരണം ഇരുത്താനാണു പ്രയാസപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനെതിരെ എഴുതാൻ മാധ്യമപ്രവർത്തകരെ മാനേജ്‌മെന്റ് നിർബന്ധിക്കുകയാണെന്നും പിണറായി ആരോപിച്ചു. മാധ്യമങ്ങളെ കുറിച്ച് പറയുന്നത് നന്നാവും എന്ന പ്രതീക്ഷയിലല്ല. നന്നാവില്ലെന്ന് അറിയാം. എന്തൊക്കെ എഴുതിവിട്ടിട്ടും തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം കണ്ടില്ലേ. ജനം എന്തൊക്കെയാണു സ്വീകരിക്കുന്നതെന്ന് മനസിലായല്ലോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

ആദിവാസി, ദലിത് മേഖലയിലുള്ള പ്രമുഖരുമായാണ് ഇന്നു മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കുന്നത്. ഊരു മൂപ്പന്മാർ, ആദിവാസി നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1,200ഓളം പേരാണു ചടങ്ങിനെത്തിയത്. മന്ത്രിമാരായ കെ. രാധാകൃഷ്ണനും കെ. രാജനും ചടങ്ങിൽ സംബന്ധിച്ചിട്ടുണ്ട്.

Summary: Kerala CM Pinarayi Vijayan criticizes the Malayalam media

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News