വീണ്ടും ഹെലികോപ്ടർ വാടകക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; മുമ്പ് ചെലവിട്ടത് 22 കോടി

ആറ് യാത്രക്കാര്‍ക്കും മൂന്ന് ക്രൂ അംഗങ്ങള്‍ക്കും സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്ടറിനായാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

Update: 2021-10-12 11:56 GMT
Editor : abs | By : Web Desk

സാമ്പത്തിക പ്രതിസന്ധിക്കിടയിലും വീണ്ടും ഹെലികോപ്ടർ വാടകയ്‌ക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചു. ഹെലികോപ്ടറിനായി 22 കോടി ചെലവിട്ടതിനു പിന്നാലെയാണ്  വീണ്ടും ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ കരാര്‍ അവസാനിച്ചത്. എന്നാല്‍ ഉടനടി കരാര്‍ ഉണ്ടാവില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് പുതിയ ടെന്‍ഡര്‍. എല്ലാ കമ്പനികളെയും പരിഗണിച്ചുകൊണ്ടു ടെന്‍ഡര്‍ വിളിക്കാമെന്നും ഇതില്‍ കുറഞ്ഞ ടെന്‍ഡര്‍ സ്വീകരിച്ച് തുടര്‍നടപടി ആലോചിക്കാമെന്നും കാണിച്ച്  ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.  സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെയാണ് പൊലീസ് ടെന്‍ഡര്‍ വിളിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ആറ് യാത്രക്കാര്‍ക്കും മൂന്ന് ക്രൂ അംഗങ്ങള്‍ക്കും സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്ടറിനായാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

Advertising
Advertising

2020 ഏപ്രിലിലാണ് ഡല്‍ഹി ആസ്ഥാനമായ പവന്‍ഹന്‍സില്‍ നിന്നും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരും ഉള്‍പ്പെട്ടതായിരുന്നു പാക്കേജ്. ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ജിഎസ്ടി ഉള്‍പ്പെടെ 22,21,51,000 രൂപ ചെലവായിരുന്നു. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുളള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. അതേസമയം വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിച്ചോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് പോലീസ് ആസ്ഥാനത്തുനിന്ന് വ്യക്തമായ മറുപടിയില്ല.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News