'മുഖ്യമന്ത്രി എന്നോടൊപ്പം': ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കും

സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യം

Update: 2025-09-18 06:12 GMT

Pinarayi Vijayan | Photo | Special Arrangement

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സംരംഭം ആരംഭിക്കുന്നു.. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സിഎം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ലക്ഷ്യം. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവപങ്കാളികളും ആണെന്ന് ഇതിലൂടെ ഉറപ്പാക്കപ്പെടുമെന്നാണ് വിലയിരുത്തുന്നത്..

Advertising
Advertising

പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക. പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക. പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കുക. സ്ഥിരതയുള്ള ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക. അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം.

ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിന്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ. പരിപാടിയുടെ ഫലപ്രദമായ പ്രവർത്തനത്തിനായി പരിചയസമ്പന്നരായ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിർണായക പങ്ക് വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിനെ (KIIFB) മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

വർക്കിംഗ് അറേഞ്ച്മെൻ്റ് അടിസ്ഥാനത്തിൽ കെ.എ.എസ് ഓഫീസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ അവരെ അറിയിക്കാനും ഉള്ളടക്ക നിർമ്മാണം, വികസനം, പ്രചാരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - വെബ് ഡെസ്ക്

contributor

Similar News