സംസ്ഥാനത്ത് മഴ തുടരുന്നു; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത

കനത്ത മഴ കണക്കിലെടുത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Update: 2023-07-05 00:58 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. മലയോരമേഖലകളിലും തീരമേഖലകളിലും അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. കനത്ത മഴ കണക്കിലെടുത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് അവധി.

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും അവധി ആയിരിക്കും. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി.എസ്.സി., യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നും അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ഓറഞ്ച് അലർട്ട് ആയതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച പെയ്ത ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിവീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കണ്ണമാലിയിലും, വെളിയത്താം പറമ്പിലും കടലാക്രമണമുണ്ടായി.

കാലവർഷം ശക്തി പ്രാപിച്ചതോടെ പത്തനംതിട്ടയിലെ പമ്പ - അച്ചൻകോവിൽ -മണിമല നദീതീരത്തുള്ളവർ ആശങ്കയിലാണ്. നദികളിലും കൈവഴികളിലും ജലനിരപ്പ് ഉയർന്നതോടെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ജില്ലയിൽ 10 വില്ലേജുകളിലായി 11 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. ജലനിരപ്പ് ഉയരുന്നതിനാൽ നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് പത്തനംതിട്ട കലക്ടർ മുന്നറിയിപ്പ് നൽകി

പമ്പയിലെ ജലനിരപ്പ് ഉയർന്നാൽ പെരുനാട് പഞ്ചായത്തിലെ അരയാഞ്ഞലിമണ്ണിലേക്കുള്ള യാത്രാമാർഗമായ കോസ് വേ പൂർണമായും മുങ്ങി. ഇതോടെ 500 കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമം ഒറ്റപ്പെട്ടു. മണിമലയാറ്റിൽ ജലനിരപ്പ് കുതിച്ചുയർന്നതോടെ തിരുമൂലപുരത്ത് കോളനിയിൽ വെള്ളം കയറി. കോളനിയിലെ മൂന്നുകുടുംബങ്ങളെ എസ്.എൻ.വി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. അപ്പർ കുട്ടനാടൻ മേഖലയിലും ആശങ്കയേറുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News