തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിൽ ഇന്ന് കൊട്ടിക്കലാശം
ഒന്നാംഘട്ട തെരഞ്ഞെടുപ്പ് മറ്റന്നാൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിന്റെ കൊട്ടിക്കലാശം ഇന്ന്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് മറ്റന്നാൾ നടക്കും. സമാപന പരിപാടികളിൽ പെരുമാറ്റചട്ടവും ക്രമസമാധാനവും പാലിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മിഷൻ.
ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ വൈകുന്നേരം ആറിന് പരസ്യപ്രചാരണം അവസാനിക്കും. കൊട്ടിക്കലാശം ഉൾപ്പെടെയുള്ള സമാപന പരിപാടികളിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ക്രമസമാധാനവും പാലിക്കണമെന്ന് രാഷ്ട്രീയപാർട്ടികളോട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ കളക്ടർമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണറെ അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള 48 മണിക്കൂറും, വോട്ടെണ്ണൽ ദിവസവും സമ്പൂർണ്ണ മദ്യനിരോധനവുമായിരിക്കും. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ ആറുമണിവരെ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.