'മന്ത്രി പറയുന്നത് പച്ചക്കള്ളം, അദ്ദേഹം വട്ടപ്പൂജ്യമാണെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു'; കായിക മന്ത്രിക്കെതിരെ കേരള ഒളിമ്പിക് അസോസിയേഷൻ
സംഘടന പൈസ വാങ്ങിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ മന്ത്രി കാണിക്കട്ടെ എന്ന് വെല്ലുവിളിക്കുന്നുവെന്നും വി. സുനിൽ കുമാർ
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനില്‍കുമാര്‍- കായിക മന്ത്രി വി.അബ്ദുറഹിമാന്‍
തിരുവനന്തപുരം: കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വീണ്ടും കേരള ഒളിമ്പിക് അസോസിയേഷൻ. മന്ത്രി പറയുന്നത് പച്ചക്കള്ളമെന്നും മന്ത്രി വട്ടപ്പൂജ്യമാണ് എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രസിഡന്റ് വി.സുനിൽകുമാർ മീഡിയവണിനോട് പറഞ്ഞു.
വി അബ്ദുറഹിമാന്‍ മന്ത്രിയായ ശേഷം ഒരു സാമ്പത്തിക സഹായം പോലും ലഭിച്ചിട്ടില്ല. സംഘടന പൈസ വാങ്ങിയെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖ മന്ത്രി കാണിക്കട്ടെ എന്ന് വെല്ലുവിളിക്കുന്നുവെന്നും വി.സുനിൽ കുമാർ പറഞ്ഞു.
ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് കായിക സംഘടനകള്‍ക്കെതിരെ മന്ത്രി രംഗത്ത് എത്തിയത്. ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം കായിക സംഘടനകൾക്കാണെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ഓരോ വർഷവും 10 ലക്ഷം രൂപ വെച്ച് ഈ അസോസിയേഷനുകൾക്ക് കൊടുക്കുന്നുണ്ട്. എന്നിട്ടും യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിൽ ആ പണം ഉപയോഗിച്ച് ചെയ്യുന്നത് മറ്റെന്തോ അല്ലേയെന്നുമായിരുന്നു മന്ത്രി വി. അബ്ദുറഹിമാന്‍റെ പ്രതികരണം. ഇതിനുള്ള മറുപടിയായിട്ടാണ് സുനിൽ കുമാര്‍ രംഗത്ത് എത്തിയത്.
Watch Video Report