‘ആത്മഹത്യാക്കുറിപ്പ് പരിശോധിച്ച് അന്ന് തന്നെ അന്വേഷണം നടത്തേണ്ടിയിരുന്നു’; ഗ്യാനേഷ് കുമാർ വിഷയത്തിൽ എം.കെ മുനീർ
വിജിലൻസും പൊലീസും അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തട്ടെയെന്നും അന്വേഷണം നടക്കുമ്പോൾ തന്നോട് എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി നൽകാൻ തയ്യാറാണെന്നും മുനീർ വ്യക്തമാക്കി
തിരുവനന്തപുരം: ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട കെഎസ്ടിപി കേസിലെ മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യാക്കുറിപ്പ് അന്നുതന്നെ വിശദമായി പരിശോധിച്ച് അന്വേഷണം നടത്തേണ്ടിയിരുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീർ. ആത്മഹത്യാക്കുറിപ്പിൽ ഭാര്യയ്ക്കും മറ്റൊരു വ്യക്തിക്കും കത്തുകൾ നൽകിയിരുന്നതായും കേരളത്തിൽ ഒരു കാര്യം നടക്കണമെങ്കിൽ ചില പ്രത്യേക രീതികൾ പാലിക്കണമെന്നതടക്കമുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നതായി അന്നത്തെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നുവെന്നും മുനീർ പറഞ്ഞു.
എന്നാൽ പിന്നീട് എന്തുകൊണ്ടാണ് വിഷയത്തിൽ കൃത്യമായ അന്വേഷണം മുന്നോട്ടുപോകാൻ വൈകിയതെന്ന് അറിയില്ലെന്നും മുനീർ പറഞ്ഞു. അന്നത്തെ സർക്കാർ തന്നെയാണ് ഇക്കാര്യം പരിശോധിക്കേണ്ടിയിരുന്നത്. സംഭവത്തിന് പിന്നാലെ ഗ്യാനേഷ് കുമാറിനെ കേരളത്തിൽനിന്ന് മാറ്റുകയും അദ്ദേഹം പിന്നീട് കേന്ദ്ര സർവീസിലേക്ക് പോകുകയും ചെയ്ത സാഹചര്യത്തിൽ ആത്മഹത്യാക്കുറിപ്പും സംഭവത്തിന്റെ സാഹചര്യങ്ങളും പരിശോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാർ ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്തുള്ള വ്യക്തിയായി വീണ്ടും പൊതുചർച്ചയിൽ വന്ന സാഹചര്യത്തിലാണ് പഴയ സംഭവങ്ങളും ചർച്ചയാകുന്നതെന്നും മുനീർ പറഞ്ഞു. ഇപ്പോഴത്തെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലേഷ്യൻ എഞ്ചിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട് വിവരങ്ങൾ നൽകാനാകില്ലെന്നും മുനീർ വ്യക്തമാക്കി. താൻ അന്ന് ഭരണത്തിന്റെ ഭാഗമായിരുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പ് പോലും നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസും പൊലീസും അന്വേഷിച്ച് വസ്തുതകൾ കണ്ടെത്തട്ടെയെന്നും അന്വേഷണം നടക്കുമ്പോൾ തന്നോട് എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചാൽ അതിന് മറുപടി നൽകാൻ തയ്യാറാണെന്നും മുനീർ വ്യക്തമാക്കി.
2005-06 കാലഘട്ടത്തിൽ നടന്ന സംഭവങ്ങളാണിതെന്നും പിന്നീട് ഗ്യാനേഷ് കുമാർ കേന്ദ്ര സർവീസിലേക്ക് മാറിയെന്നും മുനീർ ചൂണ്ടിക്കാട്ടി. അന്നത്തെ അന്വേഷണങ്ങളിൽ കൃത്യമായ തെളിവുകൾ ലഭിച്ചില്ലെന്ന നിലപാടുകൾ ഉണ്ടായിരുന്നുവെങ്കിലും, ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമായിരുന്നുവെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ലക്ഷ്യമിട്ട് അന്നുണ്ടായ നടപടികൾ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും മുനീർ ആരോപിച്ചു. എന്നാൽ ആത്മഹത്യ നടന്നതിന് ശേഷമുള്ള നടപടികളിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ സർക്കാർ അന്വേഷണത്തിന് തീരുമാനിച്ച സാഹചര്യത്തിൽ വസ്തുതകൾ പുറത്തുവരട്ടെയെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിയുമായി സഹകരിക്കുമെന്നും മുനീർ പറഞ്ഞു.
കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മലേഷ്യൻ കമ്പനിയുടെ ഉദ്യോഗസ്ഥനെ താൻ നേരിട്ട് കണ്ടിട്ടില്ലെന്നും കമ്പനികളുമായുള്ള ഇടപാടുകളിൽ തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നും മുനീർ വ്യക്തമാക്കി.