താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്തി; നാട്ടിലെത്തിച്ചു

ഏപ്രിൽ ഏഴിനാണ് വീട്ടിലെത്തിയ ഒരു സംഘം തോക്കുചൂണ്ടി ഷാഫിയെയും ഭാര്യയേയും കാറിൽ കയറ്റിക്കൊണ്ടുപോയത്.

Update: 2023-04-17 10:05 GMT
Advertising

കോഴിക്കോട്: താമരശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കണ്ടെത്തി. കർണാടകയിൽ നിന്ന് കണ്ടെത്തിയ ഷാഫിയെ താമശേരിയിലെത്തിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തിൽ നിന്നാണ് ഷാഫിയെ മോചിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് മർദനമേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഏപ്രിൽ ഏഴിനാണ് വീട്ടിലെത്തിയ ഒരു സംഘം തോക്കുചൂണ്ടി ഷാഫിയെയും ഭാര്യയേയും കാറിൽ കയറ്റിക്കൊണ്ടുപോയത്. കുറച്ചുകഴിഞ്ഞ് ഭാര്യ സനയെ ഇറക്കിവിടുകയും ഷാഫിയുമായി പോവുകയുമായിരുന്നു. പിന്നീട് ഇയാൾ എവിടെയാണെന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഷാഫിയുടെ ഫോൺ കരിപ്പൂർ വിമാനത്താവളത്തിനടുത്ത് നിന്നും കിട്ടിയിരുന്നു. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കാനായി സംഘം ഇട്ടതാണെന്ന് വ്യക്തമായിരുന്നു.

തുടർന്നും അന്വേഷണം നടക്കുന്നതിനിടെ, ഒരു വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. താനും സഹോദരനും ചേർന്ന് ഗൾഫിൽ നിന്ന് 325 കിലോ സ്വർണം കൊണ്ടുവന്നെന്നും ഇതിന്റെ പേരിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വീഡിയോയുടെ സ്രോതസ് സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെ, രണ്ടാമത്തെ വീഡിയോ സന്ദേശവും പുറത്തുവന്നു.

സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നായിരുന്നു ഈ വീഡിയോയിൽ ഇയാൾ പറഞ്ഞിരുന്നത്. ഇസ്ലാം മതവിശ്വാസപ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനുവേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് ഷാഫി ആരോപിച്ചത്. എന്നാലിത് കുടുംബവും പൊലീസും തള്ളിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനാണ് ഈ നീക്കമെന്നായിരുന്നു പൊലീസ് നിഗമനം. തുടർന്നും പൊലീസ് അന്വേഷണം ഊർജിതമാക്കി.

കാസർകോട് കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നും ഇവർ ഷാഫിയുമായി കർണാടകയിലാണ് ഉള്ളതെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടർന്ന് കർണാടകയിൽ പൊലീസ് തെരച്ചിൽ നടത്തിവരികയുമായിരുന്നു. ഇതിനിടെ, കേസിൽ ഇന്നലെ നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ഇന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

കാസർകോഡ് സ്വദേശികളായ മുഹമ്മദ് നൗഷാദ്, ഇസ്മയിൽ ആസിഫ്, അബ്ദുറഹ്മാൻ, ഹുസൈൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഷാഫിയെ തട്ടിക്കൊണ്ടുപോവുന്നതിന്റെ രണ്ടാഴ്ച മുമ്പ് പരപ്പൻ പൊയിലിൽ നിരീക്ഷണത്തിനായി എത്തിയ സംഘത്തിലുള്ളവരും കാർ വാടകയ്‌ക്കെടുത്ത് നൽകിയ ആളുമാണ് അറസ്റ്റിലായത്. ഈ പ്രതികളിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ കണ്ടെത്തിയത് എന്നാണ് വിവരം.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News