ലൈംഗികാധിക്ഷേപക്കേസ്: ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹരജിയിൽ വിധി ഉച്ചയ്ക്കുശേഷം

പ്രതി സ്വാധീനം ഉള്ളയാളാണെന്നും ഒളിവിൽ പോകാനിടയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയില്‍

Update: 2025-01-09 11:54 GMT
Editor : Shaheer | By : Web Desk

കൊച്ചി: ലൈംഗികാധിക്ഷേപ കേസിലെ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷയില്‍ വിധി പറയാൻ മാറ്റി. ഒരു മണിക്കൂറോളം നീണ്ട വാദത്തിനൊടുവിലാണ് ബോബിയുടെ ജാമ്യഹരജിയിൽ ഉച്ചയ്ക്കുശേഷം വിധി പറയുമെന്ന് കൊച്ചി സിജെഎം കോടതി അറിയിച്ചത്. സിനിമാ നടി ഹണി റോസ് നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കുന്തിദേവി പരാമർശം ദ്വയാർഥപ്രയോഗമാണെന്നും ലൈംഗികച്ചുവയുള്ള പരാമർശമാണെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് ജാമ്യം നൽകരുത്. ജാമ്യം നൽകിയാൽ അതു സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. സമൂഹമാധ്യമങ്ങൾ വഴി മോശം പരാമർശറം നടത്തുന്നവർക്ക് അതു പ്രോത്സാഹനമാകും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്. സ്വാധീനം ഉള്ളയാളാണെന്നും ഒളിവിൽ പോകാനിടയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Advertising
Advertising

30 മണിക്കൂറായി പൊലീസിന്റെ കസ്റ്റഡിയിലാണെന്നും ഒരുപാട് സ്ഥലത്ത് വ്യവസായമുള്ള, ഒട്ടേറെ പേർക്ക് ജോലി കൊടുക്കുന്ന ആളാണെന്നും കേസിൽ വാദത്തിനിടെ ബോബിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. ഈ പരിപാടിയിൽ മാത്രമല്ല, മുൻപും ഇവരെ ഹണി റോസിനെ അതിഥിയായി വിളിച്ചിട്ടുണ്ട്. മഹാഭാരതത്തിലെ കുന്തിദേവിയോട് ആണ് ഉപമ പറഞ്ഞതെന്നും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ അല്ലെന്നും പ്രതിഭാഗം വാദിച്ചു.

ശരീരത്തില്‍ പരിക്കുണ്ട്. കാലിനും നട്ടെല്ലിനും പരിക്കേറ്റെന്നും കോടതിയിൽ ബോബി ചെമ്മണൂർ പറഞ്ഞു. രണ്ട് ദിവസം മുൻപ് വീണാണു പരിക്കേറ്റത്. ഇതിൽ പൊലീസിനോട് പരാതിയില്ലെന്നും ബോബി പറഞ്ഞു.

പരിപാടിയുടെ ഫേസ്ബുക്ക് ലിങ്ക് പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇപ്പോഴും നടിയുടെ ഫേസ്ബുക്കിൽ ഈ ദൃശ്യങ്ങളും ഫോട്ടോകളും ഉണ്ട്. പിന്നീട് പരിപാടി കഴിഞ്ഞ് ഫേസ്ബുക്കിൽ നടി തന്നെ ദൃശ്യങ്ങളും ഫോട്ടോകളും പങ്കുവച്ചു. പരിപാടി കഴിയാൻ നേരത്ത് ബോബിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News