മോന്‍സന്‍ വിവാദത്തിനു പിന്നാലെ ലോക്നാഥ് ബെഹ്റ അവധിയിൽ

മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബെഹ്റയുടെ ഓഫീസ്

Update: 2021-09-30 06:40 GMT
Advertising

കൊച്ചി മെട്രോ റെയിൽ എംഡി ലോക്നാഥ് ബെഹ്റ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ ശേഷം ഓഫീസിലെത്തിയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനം ഓഫീസിലെത്തിയത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബെഹ്റയുടെ ഓഫീസ് അറിയിച്ചു.

പുരാവസ്തു, സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസന്‍ മാവുങ്കലിന്‍റെ അറസ്റ്റിന് ശേഷമാണ് മുന്‍ ഡിജിപി കൂടിയായ ബെഹ്റ ഓഫീസില്‍ വരാതായത്. ബെഹ്റയും മോന്‍സനും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട് മോന്‍സന്‍റെ വീടിന് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത് ബെഹ്റയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. അതേ ബെഹ്റ തന്നെയാണ് മോന്‍സനെതിരെ ഇന്‍റലിജന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടത്.

സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോന്‍സന്‍ മാവുങ്കലിന്‍റെ വീട്ടില്‍ എത്തിയത് 2019 മെയ് മാസത്തിലാണ്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന രഹസ്യ വിവരം അതിന് ശേഷമാണ് ബെഹ്റക്ക് കിട്ടുന്നത്. സംശയം തോന്നിയ ഡിജിപി, അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2019 മെയ് 22ന് ഇന്‍റലിജന്‍സ് മേധാവിക്ക് നിര്‍ദേശം നല്‍കി. കൃത്യം 22 ദിവസം കഴിഞ്ഞപ്പോള്‍ മോണ്‍സന്‍റെ വീടിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ആലപ്പുഴ എസ്പിക്കും ഇതേ ലോക്നാഥ് ബെഹ്റ തന്നെ ഉത്തരവ് നല്‍കുകയായിരുന്നു.

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയ ഇന്‍റലിജന്‍സ് മേധാവി, വിശദമായ റിപ്പോര്‍ട്ട് 2020 ജനുവരി മാസം ലോക്നാഥ് ബെഹ്റക്ക് നല്‍കിയിരുന്നു. എന്നിട്ടും സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ബെഹ്റ ഒരു നടപടിയും എടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ബെഹ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നാലെയാണ് അവധിയില്‍ പ്രവേശിച്ചത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News