'ഭരണം നമുക്കായതുകൊണ്ട് അഹങ്കരിച്ചുകളായാമെന്നോ, മറ്റുള്ളവരുടെ മേക്കിട്ട് കയറാമെന്നോ ആരും കരുതണ്ട' കോടിയേരി

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

Update: 2021-12-10 06:42 GMT

സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. സംസ്ഥാനഭരണം നമുക്ക് ലഭിച്ചതുകൊണ്ട് ഇനി അഹങ്കരിച്ചുകളയാം എന്നുകരുതി സാധാരണ പൗരന്മാരുടെയോ മറ്റുള്ളവരുടെയോ മേക്കിട്ട് കയറാമെന്ന് ഏതെങ്കിലും നേതാവോ പ്രവർത്തകനോ കരുതിയാൽ അവർക്ക് സ്ഥാനം പാർട്ടിക്ക് പുറത്തായിരിക്കും. കോടിയേരി ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി.

Advertising
Advertising

എൽ.ഡി.എഫ് സർക്കാർ സി.പി.ഐഎമ്മിന്‍റെ മാത്രം സർക്കാരല്ലെന്നും എല്ലാവരുടെയും സർക്കാരാണെന്നും എല്ലാവർക്കും നീതി എന്നതാണ് പാർട്ടി കാഴ്ചപ്പാടെന്നും കോടിയേരി ലേഖനത്തിലൂടെ വ്യക്തമാക്കി. സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും, അവർ ഭരണത്തിലുള്ളവരാകട്ടെ ഇല്ലാത്തവരാകട്ടെ എല്ലാവരും തലക്കനമില്ലാതെ, ജനങ്ങളുടെ മുന്നിൽ ശിരസ്സുകുനിച്ച് മുന്നോട്ടുപോകണം. കോടിയേരി പറഞ്ഞു.

വിഭാഗീയതയുടെ വിപത്ത് പിഴുതെറിയാൻ സമ്പൂർണമായി പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുൻകാലത്തെപ്പോലെ വിഭാഗീയതയുടെ ഭാഗമായുള്ള മത്സരങ്ങളോ വോട്ടെടുപ്പോ സംസ്ഥാനത്ത് പൊതുവിൽ ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടി സെക്രട്ടറി ചൂണ്ടിക്കാട്ടി. പാർട്ടി കമ്മിറ്റിയുടെയും സെക്രട്ടറിയുടെയും സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പിനെ പാർട്ടി വിലക്കിയിട്ടില്ലെന്നും. ജനാധിപത്യപരമായി വോട്ടെടുപ്പ് നടക്കുന്നതിനെ നിരോധിച്ചിട്ടുമില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

ഒരു വര്‍ഷത്തിന് ശേഷം ഈ മാസം ആദ്യമാണ് കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിവരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22നായിരുന്നു കോടിയേരി അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യകാരണങ്ങളും മകന്‍ ബിനീഷ് കോടിയേരിയേരിയുടെ അറസ്റ്റുമായിരുന്നു സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി മാറിനില്‍ക്കാനുണ്ടായ കാരണങ്ങള്‍. മാറിനിൽക്കാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ച കോടിയേരി നീണ്ട അവധി അപേക്ഷ നൽകുകയായിരുന്നു. പാർട്ടി അംഗീകരിച്ചു. അർബുദത്തിനു തുടർചികിൽസ ആവശ്യമായതിനാൽ അനുവദിക്കുകയായിരുന്നെന്നു പാർട്ടി വിശദീകരിച്ചു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News