ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ; കസ്റ്റഡിയിലായത് ദമ്പതികളും മകളും

ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയിൽ

Update: 2023-12-01 13:20 GMT

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കസ്റ്റഡിയിലായിരിക്കുന്നത് ദമ്പതികളും മകളും. ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യയും മകളുമാണ് കസ്റ്റഡിയിൽ. പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയർ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്.

പ്രതികൾ തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാറിന്റെ നമ്പർ വ്യാജമാണെന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ വീട്ടുമുറ്റത്തുള്ളത് ഇയാളുടെ പേരിൽ തന്നെ രജിസ്റ്റർ ചെയ്തിരിക്കുന്ന, യഥാർഥ നമ്പറിലുള്ള സ്വിഫ്റ്റ് ഡിസയർ ആണ്. പത്മകുമാറിന് മാത്രമേ കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി നേരിട്ട് ബന്ധമുള്ളൂ എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Advertising
Advertising

 ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്ന് കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 3 പേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവർ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. നിലവിൽ ഇവരെ അടൂർ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.

അതേസമയം കസ്റ്റഡിയിലായവരുടെ ചിത്രങ്ങൾ കുട്ടി തിരിച്ചറിഞ്ഞിട്ടില്ല. പ്രിന്റ് ചെയ്തതും അല്ലാത്തതുമായ ചിത്രങ്ങളാണ് കാണിച്ചത്. കുട്ടിയുടെ സഹോദരനെയും ചിത്രങ്ങൾ കാണിച്ചിരുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News