കൂടത്തിൽ ജയമാധവൻ നായർ കൊലക്കേസ്: ‘കൊന്നത് ഞാനല്ല’; പരാതിക്കാരൻ അനിലിനെതിരെ രവീന്ദ്രൻ നായർ
ജയമാധവൻ നായർക്ക് മദ്യം ഉൾപ്പെടെ നൽകി സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമിച്ചെന്ന ആരോപണവും രവീന്ദ്രൻ നായർക്കെതിരെയുണ്ട്
തിരുവനന്തപുരം: കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്ന നിലപാടിൽ ഉറച്ച് പ്രതി രവീന്ദ്രൻ നായർ. തനിക്ക് പണവും സ്വത്തും നൽകിയ വ്യക്തിയെ താൻ എന്തിന് കൊല്ലണമെന്നാണ് ചോദ്യം ചെയ്യലിൽ രവീന്ദ്രൻ ഉന്നയിച്ചത്. തനിക്കെതിരെ പരാതി നൽകിയ അനിൽ ആയിരിക്കാം കൊലപാതകത്തിന് പിന്നിലെന്നും ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞതായാണ് വിവരം.
ജയമാധവൻ നായർ കൊലക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഒരു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടെയാണ് രവീന്ദ്രൻ നായർ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, ചോദ്യം ചെയ്യലിനോടും അന്വേഷണത്തോടും രവീന്ദ്രൻ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ഇന്ന് വൈകീട്ട് നാലുമണിയോടെ ഇയാളെ കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിനോടും തെളിവെടുപ്പിനോടും സഹകരിക്കുന്നില്ലെന്ന കാര്യം അന്വേഷണസംഘം കോടതിയെ അറിയിച്ചേക്കും.
തിരുവനന്തപുരം കാരമനയിലെ കൂടത്തിൽ തറവാടുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഉയർന്നുവന്ന ദുരൂഹ മരണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ജയമാധവൻ നായരുടെ മരണത്തിൽ രവീന്ദ്രൻ നായരിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. തറവാട്ടിലെ കാര്യസ്ഥനായി പ്രവർത്തിച്ചിരുന്ന രവീന്ദ്രൻ നായർ സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമിച്ചെന്നും അതിന്റെ ഭാഗമായാണ് ജയമാധവൻ നായരെ കൊലപ്പെടുത്തിയതെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഏകദേശം 100 കോടിയോളം രൂപയുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. തറവാട്ടിലെ സ്വത്തുക്കൾ സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.തറവാടുമായി ബന്ധപ്പെട്ട മറ്റു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ജയമാധവൻ നായരുടെ മരണത്തോടെയാണ് അന്വേഷണം കൂടുതൽ ശക്തമായത്. പരാതിക്കാരനായ അനിലിന്റെയും നാട്ടുകാരുടെയും ഇടപെടലും അന്വേഷണത്തോടുള്ള സഹകരണവും കേസിൽ നിർണായകമായെന്നാണ് റിപ്പോർട്ടുകൾ.
നേരിട്ടുള്ള സാക്ഷികളുടെയോ വ്യക്തമായ തെളിവുകളുടെയോ അഭാവത്തിൽ ശാസ്ത്രീയ പരിശോധനകളുടെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ജയമാധവൻ നായരുടെ കൊലപാതകത്തിന് പിന്നിൽ രവീന്ദ്രൻ നായരാണെന്ന നിഗമനത്തിൽ അന്വേഷണസംഘം എത്തിയത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജയമാധവൻ നായർക്ക് മദ്യം ഉൾപ്പെടെ നൽകി സ്വത്തുക്കൾ കൈക്കലാക്കാൻ ശ്രമിച്ചെന്ന ആരോപണവും രവീന്ദ്രൻ നായർക്കെതിരെയുണ്ട്. എന്നാൽ, കൊലപാതകത്തിൽ പങ്കില്ലെന്നും തനിക്ക് സ്വത്തുക്കൾ നൽകിയിരുന്ന വ്യക്തിയെ കൊല്ലേണ്ട കാര്യമില്ലെന്നുമാണ് രവീന്ദ്രന്റെ നിലപാട്.തനിക്കെതിരെ പരാതി നൽകിയ അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് രവീന്ദ്രൻ നായർ ഇപ്പോൾ ആരോപിക്കുന്നത്. കേസിൽ പരാതിയുമായി മുന്നോട്ടുപോയവർക്കെതിരെ രവീന്ദ്രൻ പ്രതികാര നടപടികൾ സ്വീകരിച്ചിരുന്നതായി ചില അയൽവാസികൾ പറഞ്ഞതായും വിവരമുണ്ട്.
അതേസമയം, രവീന്ദ്രൻ നായരുടെ പുതിയ ആരോപണവും അന്വേഷണസംഘം പരിശോധിക്കേണ്ടിവരും. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും പ്രതിയുടെ മൊഴി വിശദമായി പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്. ചോദ്യം ചെയ്യലിനോട് സഹകരിക്കാത്ത സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുക ക്രൈംബ്രാഞ്ചിന് വെല്ലുവിളിയാണ്. അതേസമയം, കൂടത്തിൽ കൊലപാതകക്കേസിൽ പ്രതി രവീന്ദ്രനുമായി തെളിവെടുപ്പ് നടത്തുകയാണ്. കൊലപാതകം നടന്ന വീട്ടിലാണ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നത്.