ടിക്ടോകിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ടിക്ടോക് മുഖേന പരിചയപ്പെട്ട യുവതിയെ ചേവരമ്പലത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ടിക്ടോകിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ട് ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു. കൊല്ലം സ്വദേശിനിയായ 36 കാരിയുമായി കോഴിക്കോട് അത്തോളി സ്വദേശി അജ്‌നാസ് പരിചയത്തിലായത് ടിക്ടോകിലൂടെയാണ്. അടുത്ത പരിചയമായതോടെ നേരിട്ട് കാണാനായി കോഴിക്കോട്ടേക്ക് ക്ഷണിച്ചു. യുവതി ബുധനാഴ്ചയാണ് കോഴിക്കോട്ടെത്തിയത്. അജ്‌നാസ് യുവതിക്കായി ചേവരമ്പലത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു.
ഹോട്ടലിലെത്തിയ യുവതിക്ക് മൂന്നു സുഹൃത്തുക്കളെ അജ്‌നാസ് പരിചയപ്പെടുത്തി. ഫഹദ്, സുഹൈബ് കണ്ടാലറിയുന്ന മറ്റൊരാള്‍. ഇവര്‍ നല്‍കിയ ഓയില്‍ പുരട്ടിയ സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതായായി. തുടര്‍ന്നാണ് പീഡനം നടന്നതെന്നാണ് പൊലീസ് പറയുന്നത്. രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് യുവാക്കള്‍ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു ആശുപത്രിക്കാരാണ് പീഡനം നടന്നെന്ന സംശയത്തില്‍ പൊലീസിനെ വിവരമറിയിച്ചത്.
കേസില്‍ ചേവായൂര്‍ പൊലീസ് നാലുപേരെ പ്രതിയാക്കി കേസെടുത്തു. അജ്‌നാസ്, ഫഹദ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. അറസ്റ്റിലായവരെ ഇന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.