Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ക്കെതിരായ സിപിഎമ്മിന്റെ ഭീഷണി മുദ്രാവാക്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കൈവിട്ട് ഭീഷണി ക്രിനിനല്‍ കുറ്റമാണെന്നും പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സിപിഎം നയമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. വണ്ടൂരിലെ സിപിഎംമുദ്രാവാക്യത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്നും കുരക്കുന്ന പട്ടി കടിക്കില്ലെന്നും മുരളീധരന്‍ ആലപ്പുഴയില്‍ പറഞ്ഞു.
ഭീഷണി മുദ്രാവാക്യം സിപിഎം പിൻവലിച്ച് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുദ്രാവാക്യം വിളിച്ച ആളെ സിപിഎം സംസ്ഥാന സെക്രട്ടറി താക്കീത് ചെയ്യണം. വാർത്ത കൊടുത്തതിന്റെ പേരിൽ കൈവെട്ടും കാലു വെട്ടും എന്നൊക്കെ പറയുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ഭീഷണി മുദ്രാവാക്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.ടി ബല്‍റാം പറഞ്ഞു. പൊലീസ് ഇടപെടേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
''മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി പേരെടുത്ത് ഭീഷണിപ്പെടുത്തുക. ഭീഷണി തന്നെ ഒരു പരിധി കഴിഞ്ഞ് കൈവെട്ടും തലവെട്ടും എന്ന രീതിയില്‍ പറയുന്ന തരത്തിലേക്ക് കടക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. പൊലീസ് ഇടപെടേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് കടന്നതിന്റെ ഉദാഹരണമാണ് ഈ ഭീഷണി മുഴക്കല്‍. ആദ്യഘട്ടത്തിലൊക്കെ അത് ഒരു വിമര്‍ശന ഘട്ടത്തിലായിരുന്നു. അത് സ്വഭാവികമാണ്. കാരണം മീഡിയവണിന് മീഡിയവണ്ണിന്റേതായ രാഷ്ട്രീയമുണ്ട്.
വിമര്‍ശനങ്ങള്‍ ആരോഗ്യപരമായ കാര്യമാണ്. പക്ഷെ അതില്‍ നിന്ന് മാറി പ്രകോപനപരമായ മുദ്രാവാക്യത്തിലേക്ക് മാറുന്നത് നിയമം കയ്യില്‍ എടുക്കാനുള്ള പ്രേരണയായി മാറുന്നു. അതില്‍ നിയമപരമായ ഇടപെടലുകള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകണം,'' വി.ടി ബല്‍റാം പറഞ്ഞു.
കയ്യും കാലും വെട്ടും എന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവൺ മാനേജിംഗ് എഡിറ്റർക്കെതിരായ കൊലവിളി മുദ്രാവാക്യം വിളിച്ച CPM പ്രവർത്തകർക്കെതിരെസർക്കാർ കേസെടുക്കണമെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഭരണത്തിന്റെ തണലിൽ ആളുകളെ കായികപരമായി നേരിടുന്നത് സംസ്കാരത്തിന് യോജിച്ചതല്ല .അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ജനാധിപത്യ പരമായ രീതിയിൽ സമാധാനപരമായി കൈകാര്യം ചെയ്യലാണ് സംസ്കാരകമുള്ളവർക്ക് യോജിച്ചതെന്നും പി.എം.എ സലാം പറഞ്ഞു.