'വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചോർച്ച സംഘടനയ്ക്ക് ഭൂഷണമല്ല'; ഭിന്നത പാർട്ടിക്കുള്ളിൽ ചർച്ചചെയ്യുമെന്ന് കെ.എസ് ശബരീനാഥൻ

ഷാഫി പറമ്പിലിനെതിരെ എതിർപ്പുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരീനാഥൻ പറഞ്ഞു

Update: 2022-07-20 03:13 GMT
Advertising

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം ചോർത്തിയത് സംഘടനയ്ക്ക് ഭൂഷണമല്ലെന്ന് കെ.എസ് ശബരീനാഥൻ. സംഘടനയാണ് വലുത്, സംഘടനക്കുള്ളിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അത് പരിഹരിക്കും. ഷാഫി പറമ്പിലിനെതിരെ എതിർപ്പുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരീനാഥന്‍ പറഞ്ഞു. 

വിമാനത്തിനുള്ളിൽ നടന്ന പ്രതിഷേധത്തിൽ സംഘടന ഒറ്റക്കെട്ടാണ്. കൃത്യമായി ചോദ്യം ചെയ്യലിനോട് സഹകരിച്ചു. ആഭ്യന്തര വകുപ്പിന് തിടുക്കമാണെന്നും പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർന്നതിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയില്‍ കടുത്ത ഭിന്നതയാണ് രൂപപ്പെടുന്നത്. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് ഒരു വിഭാഗം നീക്കം തുടങ്ങി. വിവരങ്ങള്‍ നിരന്തരമായി ചോര്‍ന്നിട്ടും ഷാഫി ഗൗരവത്തിലെടുക്കുന്നില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് പരാതി നൽകിയിട്ടുണ്ട്.

ഗ്രൂപ്പിലെ ചര്‍ച്ചകള്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും ഇക്കാര്യം പരിശോധിക്കാന്‍ പോലും സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകുന്നില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ പരാതി. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. നാല് സംസ്ഥാന വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമടക്കം 12 ഭാരവാഹികള്‍ ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസിന് നല്‍കിയ കത്തില്‍ ഒപ്പിട്ടു. ശബരിനാഥിന്റെ അറസ്റ്റ് ചൂണ്ടികാട്ടിയാണ് കത്ത് തുടങ്ങുന്നത്. 

അതേസമയം, സ്ക്രീന്‍ ഷോട്ട് പുറത്തായതിനെ കുറിച്ച് പരിശോധിക്കുമെന്നാണ് ഇപ്പോള്‍ സംസ്ഥാന നേതൃത്വം പറയുന്നത്. സ്ക്രീന്‍ഷോട്ട് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കാനില്ലെന്നാണ് പരാതി നല്‍കിയവരുടെ നിലപാട്. സംസ്ഥാന നേതൃത്വം അന്വേഷണം നടത്താത്തതിനാല്‍ എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നാണ് ഗ്രൂപ്പു വിത്യാസമില്ലാതെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

Full View
Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News