സോളാർ പാനലിന്റെ ശേഷി വർധിപ്പിക്കാനുള്ള അപേക്ഷ വൈകിപ്പിച്ചു; കെഎസ്ഇബി അസി.എൻജിനീയർക്ക് പിഴ
കോഴിക്കോട് ബീച്ച് അസി. എന്‍ജിനീയർക്കെതിരെയാണ് കെ എസ് ഇ ബിയുടെ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിന്‍റെ നടപടി
കോഴിക്കോട്: സോളാർ പാനലിന്റെ ശേഷിവർധിപ്പിക്കാനുള്ള അപേക്ഷ വൈകിപ്പിച്ച കെ എസ് ഇ ബി അസി എന്‍ജിനീയർക്ക് പിഴ വിധിച്ചു. കെ എസ് ഇ ബി കോഴിക്കോട് ബീച്ച് അസി. എന്‍ജിനീയർക്കാണ് കെ എസ് ഇ ബിയുടെ ഉപഭോക്തൃ പരാതി പരിഹാര ഫോറമാണ് പിഴ വിധിച്ചത്. തിങ്കളാഴ്ചക്കകം സോളാറിന് അനുമതി നല്കണമെന്നും ഫോറം വിധിച്ചു.
കോഴിക്കോട് കല്ലായി സ്വദേശി സിദ്ദീഖ് കഴിഞ്ഞ മാസം നാലിനാണ് സോളാർ പാനലിന്റെ ശേഷി വർധിപ്പിക്കാനായി അപേക്ഷ നൽകിയത്. ഫീസിബിലിറ്റി റിപ്പോർട്ട് ലഭിക്കാനായി പലതവണ ബീച്ച് സെഷൻ ഓഫീസിൽ കയറിയിറങ്ങിയിട്ടും പരിഹാരമുണ്ടായില്ല
ഇതോടെയാണ് സിദ്ദീഖ് കെ എസ് ഇ ബി ഉപഭോക്തൃ പരാതി പരിഹാര ഫോറത്തെ സമീപിക്കുന്നത്. പരിശോധനയിൽ ബീച്ച് സെഷൻ അസിസ്റ്റന്‍റ് എന്‍ജിനീയർ മനപ്പൂർവം റിപ്പോർട്ട് നൽകാൻ വൈകിപ്പിച്ചെന്ന് കണ്ടെത്തിയതോടെയാണ് പിഴ ചുമത്തിയത്. തിങ്കളാഴ്ചക്കുള്ളിൽ ഫീസിബിലിറ്റി റിപ്പോർട്ട് നൽകാനും അതുവരെയുള്ള നഷ്ടപരിഹാരം നൽകാനുമാണ് പരാതി പരിഹാര ഫോറത്തിന്‍റെ വിധി.
സോളാർ അപേക്ഷകൾ വൈകിപ്പിക്കുന്നതായി ബീച്ച് അസി. എന്‍ജിനീയർക്കെതിരെ നേരത്തെയും പരാതികളുണ്ടായിരുന്നു.സോളാർ അപേക്ഷകൾ മനപ്പൂർവം വൈകിപ്പിക്കുന്ന കെഎസ്ഇബി ഉദ്യോഗസ്ഥർക്കുള്ള തിരിച്ചടി കൂടിയാണ് ഈ പിഴ ചുമത്തല്‍.