പകൽ സൗരോർജ ഉപയോഗം 36% മാത്രം; പുരപ്പുറ സോളാർ പദ്ധതി ബാധ്യതയെന്ന് കെഎസ്ഇബി
സൗരോർജ ബാങ്കിന്റെ ചെലവ് 500 കോടി കവിഞ്ഞുവെന്നും കെഎസ്ഇബി പറയുന്നു
തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതി ബാധ്യതയെന്ന് കെഎസ്ഇബി. പകൽ സൗരോർജ ഉപയോഗം 36% മാത്രമാണെന്നും സൗരോർജ ബാങ്കിന്റെ ചെലവ് 500 കോടി കവിഞ്ഞുവെന്നും കെഎസ്ഇബി പറയുന്നു. സാധാരണ ഉപഭോക്താക്കൾക്ക് ഇത് യൂണിറ്റിന് 19 പൈസയുടെ അധിക ഭാരമുണ്ടാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
ഉൽപ്പാദനത്തിന്റെ 36% സോളാർ വൈദ്യുതി മാത്രമാണ് ഉൽപാദകർ രാവിലെ ഉപയോഗിക്കുന്നത്. ബാക്കി ഊർജ്ജം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകും. പീക് സമയമായ വൈകുന്നേരവും രാത്രിയും സോളാർ ഉൽപാദകർ കെഎസ്ഇബിയുടെ വൈദ്യുതി പകരം ഉപയോഗിക്കുന്നു. പീക് സമയത്ത് പുറത്തുനിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത് അതിനാൽ സോളാർ ഉൽപാദകർ വൈദ്യുതി കൊണ്ടുപോകുന്നത് കെഎസ്ഇബിക്ക് നഷ്ടമുണ്ടാക്കുന്നു.
ഇങ്ങനെ കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടിയിലധികം രൂപയാണ് കെഎസ്ഇബിക്ക് അധിക ചിലവ്. ഇത് കാരണം സാധാ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 19 പൈസയുടെ അധിക ഭാരം അടിച്ചേൽപ്പിക്കേണ്ട സ്ഥിതിയാണ്. ബാറ്ററി സ്റ്റോറേജ് ഇല്ലാതെ ഇനിയും സോളാർ പ്ലാന്റുകൾ സ്ഥാപിച്ചാൽ ഉപഭോക്താക്കൾ കൂടുതൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കെഎസ്ഇബി നൽകുന്നു. 2035 ൽ ഇതേ രീതിയിൽ പോവുകയാണെങ്കിൽ അധികഭാരം യൂണിറ്റിന് 34 പൈസയായി വർദ്ധിക്കും. ഒന്നര ലക്ഷം വരുന്ന സോളാർ ഉൽപാദകരേക്കാൾ ഒരുകോടിയിൽ അധികം വരുന്ന സാധാ ഉപഭോക്താക്കൾക്കൊപ്പം നിൽക്കുകയാണെന്നും കെഎസ്ഇബി നിലപാട് അറിയിച്ചു.
സാധാ ഉപഭോക്താക്കൾക്ക് അധികഭാരം ഉണ്ടാവാതിരിക്കാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇറക്കിയ പുനരുപയോഗ ഊർജ ചട്ടം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. പുരപ്പുറ സോളാർ പദ്ധതിക്ക് വേണ്ടി ആദ്യഘട്ടത്തിൽ വലിയ പ്രചാരണമാണ് കെഎസ്ഇബിയും വൈദ്യുത വകുപ്പും നടത്തിയിരുന്നത്. കൊട്ടിഘോഷിച്ച പദ്ധതിയെ കെഎസ്ഇബി തന്നെ ഇപ്പോൾ തള്ളുകയാണ്.
watch video: