കണ്ണൂര്‍ സര്‍വ്വകലാശാല വിസിയായി പ്രൊഫ.ഗോപിനാഥിനെ പുനര്‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്

അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്ന സര്‍വ്വകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനമെന്നാണ് ആക്ഷേപം

Update: 2021-11-24 03:35 GMT
Editor : Jaisy Thomas | By : Web Desk
Advertising

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനുളള തീരുമാനത്തിനെതിരെ കെ.എസ്.യു കോടതിയിലേക്ക്. അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്ന സര്‍വ്വകലാശാല ചട്ടം ലംഘിച്ചാണ് ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനമെന്നാണ് ആക്ഷേപം.

1996 ലെ കണ്ണൂര്‍ സര്‍വ്വകലാശാല ആക്ടിന് വിരുദ്ധമായാണ് പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍ നിയമനമെന്നാണ് കെ.എസ്.യുവിന്‍റെ ആരോപണം.ഇതനുസരിച്ച് അറുപത് വയസ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കരുതെന്നാണ് നിയമം. ഔദ്യോഗിക രേഖകള്‍ പ്രകാരം 1960 ഡിസംബര്‍ 19 ആണ് ഗോപിനാഥ് രവീന്ദ്രന്‍റെ ജനന തിയതി.പുതിയ വൈസ് ചാന്‍സലറെ തെരഞ്ഞെടുക്കാനുളള സെര്‍ച്ച് കമ്മറ്റി പിരിച്ച് വിട്ട് ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിക്കാനുളള നീക്കം നിയമപരമായി നില നില്‍ക്കില്ലന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കെ.എസ്.യു പറയുന്നു.

കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍വ്വകലാശാല വൈസ് ചാന്‍സലറെ തല്‍സ്ഥാനത്ത് പുനര്‍നിയമിക്കുന്നത്. സി.പി.എം നേതാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍വ്വകലാശാലയില്‍ ചട്ട വിരുദ്ധമായി നിയമനം നല്‍കാനുളള നീക്കങ്ങള്‍ പല വട്ടം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുളള തീരുമാനവും സിന്‍ഡിക്കേറ്റിന്‍റെ പരിഗണനയിലാണ്. ഇതിനിടെ വൈസ് ചാന്‍സലറക്ക് പുനര്‍ നിയമനം നല്‍കാനുളള നീക്കം സംശയാസ്പദമാണന്നും കെ.എസ്.യു ആരോപിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News