"മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ല.. ജനങ്ങളുടെ ആനന്ദത്തെ ചങ്ങലക്കിടാൻ ആർക്കെന്തവകാശം?"

ആത്മീയതയുടെ പേരിൽ നടക്കുന്ന "ധൂർത്ത്" ന്യായമാകുന്നതിലെ യുക്തി" ദുരൂഹമെന്നും ജലീൽ

Update: 2022-11-26 14:11 GMT
Editor : banuisahak | By : Web Desk
Advertising

മലപ്പുറം: ഫുട്ബോൾ താരാരാധന സംബന്ധിച്ച സമസ്തയുടെ നിലപാടിനെതിരെ പ്രതികരണവുമായി കെടി ജലീൽ. മനുഷ്യരെ ഒന്നിപ്പിക്കുന്നതൊന്നും നിഷിദ്ധമല്ലെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ദേശ-ഭാഷാ-സംസ്കാര വ്യത്യാസമില്ലാതെ ലോകം കാൽപ്പന്തു കളിയിൽ ആരവം തീർക്കുന്ന കാഴ്ച മനോഹരമാണ്. വിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങൾ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂർപ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത്. സങ്കുചിത ദേശീയതയുടെ മതിൽകെട്ടുകളാണ് ഫുട്ബോൾ ആരാധകർ തകർത്തെറിഞ്ഞിരിക്കുന്നതെന്നും ജലീൽ കുറിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഫുട്‍ബോൾ കളിക്കുന്ന വീഡിയോയും ജലീൽ ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

"ധൂർത്തിൻ്റെ പേരിലാണ് ഫുട്ബോൾ ഭ്രമത്തെ ചിലർ വിമർശിക്കുന്നത്. അങ്ങിനെയെങ്കിൽ വിവാഹ ധൂർത്തുകളും ആഢംബര വാഹനങ്ങളും കൊട്ടാര സമാന വാസഗൃഹങ്ങളും വിമർശന പരിതിയിൽ നിന്ന് ഒഴിവാക്കപ്പെടരുതല്ലോ? സമ്മേളന മാമാങ്കങ്ങളിലും നേർച്ചകളിലും ഉൽസവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും ഉയരാറുള്ള ദീപാലങ്കൃതമായ കമാനങ്ങളും സംവിധാനങ്ങളും ആർഭാടത്തിൻ്റെ ഗണത്തിൽ തന്നെയല്ലേ ഉൾപ്പെടുക? 

ഫുട്ബോളിൻ്റ പേരിൽ നടക്കുന്ന "ധൂർത്ത്" അന്യായവും ആത്മീയതയുടെ പേരിൽ നടക്കുന്ന "ധൂർത്ത്" ന്യായമാകുന്നതിലെ "യുക്തി"ദുരൂഹമാണ്. നിയമാനുസൃതം മനുഷ്യർക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ല"; ജലീൽ കൂട്ടിച്ചേർത്തു. 

Full View

ഫുട്ബോളിനോട് അമിത ആരാധന വേണ്ടെന്നും കളിക്കാരോടുള്ള താല്പര്യം ആരാധനയായി മാറരുതെന്നായിരുന്നു സമസ്തയുടെ നിർദ്ദേശം. അധിനിവേശക്കാരായ പോർച്ചുഗലിന്‍റെ ഉള്‍പ്പെടെ പതാക കെട്ടി നടക്കുന്നത് ശരിയല്ലെന്നുമായിരുന്നു സമസ്ത പോഷക സംഘടനയായ ജംഇയ്യത്തുല്‍ ഖുതബാ പള്ളി ഇമാമുമാർക്ക് നൽകിയ സർക്കുലറിലുണ്ടായിരുന്നത്. ഫുട്ബോള്‍ ലഹരി അതിരുവിടുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പള്ളികളില്‍ നടത്തേണ്ട പ്രസംഗത്തിലൂടെ വിശ്വാസികള്‍ക്ക് ജാഗ്രത നല്‍കാന്‍ സംഘടന തീരുമാനിച്ചത്. 

സമസ്തയെ തള്ളി മുസ്ലിം ലീഗ് അടക്കം രംഗത്തെത്തിയിരുന്നു. ഫുട്ബോൾ താരാരാധന സംബന്ധിച്ച സമസ്തയുടെ അഭിപ്രായം അവരുടേത് മാത്രമാണെന്നും മുസ്ലിം ലീഗിന് അങ്ങനൊരു അഭിപ്രായമില്ലെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. സമസ്തയുടെ ഫുട്ബോൾ പരാമർശം വ്യക്തിപരമെന്നായിരുന്നു എംകെ മുനീറിന്റെ പ്രതികരണം. വ്യക്തിപരമായ പരാമർശം വന്നതെന്ന് അറിയില്ല. ജനങ്ങളുടെ ഫുട്ബോൾ ആവേശത്തെ പെട്ടെന്ന് അണച്ച് കളയാനാകില്ലെന്നും മുനീർ പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News