പുനരധിവാസ പാക്കേജ് അംഗീകരിക്കില്ല; വിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീൻ അതിരൂപത

വാടകയടക്കമുള്ള മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപര്യാപ്തമാണെന്ന നിലപാടിലാണ് സമര സമിതി

Update: 2022-09-01 03:16 GMT

സർക്കാരിന്‍റെ പുനരധിവാസ പാക്കേജ് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് വിഴിഞ്ഞത്ത് സമരവുമായി മുന്നോട്ടുപോകാൻ ലത്തീൻ അതിരൂപത. വാടകയടക്കമുള്ള മന്ത്രിസഭാ തീരുമാനങ്ങളെല്ലാം അപര്യാപ്തമാണെന്ന നിലപാടിലാണ് സമര സമിതി. കോടതി വിധി എതിരാണെങ്കിൽ അംഗീകരിക്കില്ലെന്ന് കൂടി സഭാ നേതൃത്വം പ്രഖ്യാപിച്ചതോടെ സമരം എങ്ങനെ ഒത്തുതീർക്കുമെന്ന കാര്യത്തിൽ സർക്കാരിനും ആശയക്കുഴപ്പമുണ്ട്.

പുനരധിവാസം വേഗത്തിലാക്കാമെന്നാണ് സർക്കാരിൻ്റെ ഉറപ്പ്. അതുവരെ 335 കുടുംബങ്ങൾക്ക് 5500 രൂപ വീതം പ്രതിമാസം വാടക അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ ഈ തീരുമാനത്തെ ഒറ്റയടക്ക് തള്ളിക്കളഞ്ഞ ലത്തീൻ അതിരൂപത, തുറമുഖ നിർമാണം നിർത്തിവെക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്.

Advertising
Advertising

കോടതിവിധി അദാനിക്ക് അനുകൂലമെങ്കിൽ അംഗീകരിക്കില്ലെന്നും ലത്തീൻ അതിരൂപത നേതൃത്വം മീഡിയവൺ ഫസ്റ്റ് ഡിബേറ്റിൽ പ്രഖ്യാപിച്ചു- "തിരുവനന്തപുരം കോര്‍പറേഷനില്‍ എവിടെ 5500 രൂപയ്ക്ക് വീട് വാടകയ്ക്ക് കിട്ടും? ഡെപ്പോസിറ്റ് കൊടുക്കാതെ ആര് വീട് വാടകയ്ക്ക് നല്‍കും?" എന്നാണ് ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്‍റെ ചോദ്യം.

സമരക്കാരുമായി തുടർ ചർച്ചകളുടെ കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാൻ സർക്കാരിന് കഴിയില്ല. അതിനാൽ നിലവിൽ ഹൈക്കോടതിയിൽ അദാനി നൽകിയ ഹരജിയിലെ തീരുമാനം സർക്കാർ ഉറ്റുനോക്കുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News