കയ്യും കാലും വെട്ടുമെന്ന ഭീഷണി; മെഡിക്കൽ കോളജിൽ മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷക പരാതി നൽകും

കോടതിയിൽ ഹാജരാകുന്നതിൽ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി

Update: 2022-09-20 06:24 GMT
Advertising

കോഴിക്കോട് മെഡിക്കൽ കോളജിൽ മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷക ബബില ഇന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് പരാതി നൽകും. കോടതിയിൽ ഹാജരാകുന്നതിൽ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പരാതി. കേസിൽ ഹാജരാകുന്നതിൽ പ്രതികളുടെയും അഭിഭാഷകരുടെയും ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്നാണ് സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷക ബബില ആരോപിക്കുന്നത്. അതേസമയം, ഇന്ന് കോടതിയിൽ ഹാജരാക്കുന്ന 5 പ്രതികളെയും കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു.  ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗം കെ അരുൺ, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ എം കെ അശ്വിൻ, കെ രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.

പ്രതികൾക്കെതിരെ ഐപിസി 333 വകുപ്പായ പൊതുസേവകരെ ഗുരുതരമായി പരിക്കേൽപ്പിക്കൽ കൂടി ചേർത്ത് പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. അതേസമയം, കേസിൽ പൊലീസിനെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. പൊലീസിന്റെ നടപടിക്കെതിരെ ജനങ്ങളെ അണി നിരത്തുമെന്ന് സി.പി.എമ്മും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം 31നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാർ തടഞ്ഞതിനെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഇവർ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദർശിക്കാൻ എത്തിയവർക്കും മർദനമേറ്റു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകൻ ഷംസുദ്ദീനെയും സംഘം ആക്രമിച്ചിരുന്നു.

lawyer of the security personnel who were assaulted in Kozhikode medical college will file a complaint

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News