പുതുപ്പള്ളിയിൽ 'മാസപ്പടി' ചർച്ചയാക്കാതെ എൽഡിഎഫും യുഡിഎഫും; വിവാദത്തിന് പിന്നിൽ മാധ്യമ ഉടമകളുടെ രാഷ്ട്രീയ താത്പര്യമെന്ന് മന്ത്രി റിയാസ്

ബി.ജെ.പി വിഷയം ഉയർത്തിയാൽ മറ്റ് മുന്നണികൾ കൊടകര കുഴൽപ്പണ വിവാദം ചർച്ചയാക്കും

Update: 2023-08-15 07:22 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ മാസപ്പടി വിവാദം ചർച്ചയാക്കാതെ ഇരുമുന്നണികളും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിവാദത്തിൽ മറുപടി പറയാതെ കഴിഞ്ഞദിവസം ഒഴിഞ്ഞുമാറിയിരുന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ യുഡിഎഫും മാസപ്പടിയിൽ മൗനം പാലിച്ചു. ബി.ജെ.പി വിഷയം ഉയർത്തിയാൽ മറ്റ് മുന്നണികൾ  കൊടകര കുഴൽപ്പണ വിവാദം ചർച്ചയാക്കും. വിവാദങ്ങൾ മണ്ഡലത്തിൽ ഇരുമുന്നണികളും ഉയർത്തുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ  മകൾ വീണ വിജയന് സി എം ആർ എൽ കമ്പനി മാസപ്പടി നൽകിയത് പൊതു സമൂഹത്തിനുമുന്നിൽ വലിയ ചർച്ചയായെങ്കിലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ പ്രതിപക്ഷം തയ്യാറായിരുന്നില്ല. പ്രതിപക്ഷത്തെ നേതാക്കൾ അടക്കം കമ്പനിയിൽ നിന്ന് പണം കൈപ്പറ്റി എന്ന രേഖകൾ കൂടി പുറത്തുവന്ന പശ്ചാത്തലത്തിലാണ് യു.ഡി.എഫ് പ്രതിരോധത്തിലായത്. മാത്യു കുടൽനാടൻ വിഷയം നിയമസഭയിൽ ഉന്നയിച്ചെങ്കിലും ഏറ്റെടുക്കാന്‍ നേതൃത്വവും മറുപടി പറയാൻ എൽ.ഡി.എഫും തയ്യാറായില്ല. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മാസപ്പടി വിവാദത്തോട് മൗനം പാലിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.ഇത് വ്യക്തമാക്കുന്നതായിരുന്നു മാസപ്പടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് എം.വി ഗോവിന്ദന്‍റെ പ്രതികരണം.

Advertising
Advertising

അതേസമയം, മാധ്യമഉടമകളുടെ രാഷ്ട്രീയ താത്പര്യമാണ് മാസപ്പടി വിവാദത്തിന് പിന്നിലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മാസപ്പടിയിൽ പാർട്ടി സെക്രട്ടറിയേറ്റ് വിശദീകരിച്ചതിന് പുറത്ത് മറ്റൊന്നും പറയാനില്ലെന്നും 2021 ലെ തെരഞ്ഞെടുപ്പ് ഫലം ചാനൽ ചർച്ചകൾക്കുള്ള തിരിച്ചടിയാണെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.

യു.ഡി.എഫ് ഇത് പ്രചാരണ വിഷയമാക്കും എന്ന് ധരിച്ചവർക്കും തെറ്റി. യുഡിഎഫിന്റെ ഇന്നലത്തെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷം മാസപ്പടി വിവാദത്തിൽ മൗനം പാലിച്ചു.  മാസപ്പടി ഡയറിയിൽ യു.ഡി.എഫിന്റെ മുതിർന്ന നേതാക്കളുടെ പേരുമുണ്ടെന്നതാണ് കാരണം. വെറുതെ വിവാദമാക്കി തെരഞ്ഞെടുപ്പിലെ വലിയ പ്രചരണ വിഷയമാക്കി ഉയർത്തേണ്ടതില്ലെന്നാണ് യുഡിഎഫിന്റെയും നിലപാട്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News