നേതാക്കൾ ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണത്തെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിൽ ഇടത്-വലത് മുന്നണികൾ

നേതാക്കളുടെ കൊഴിഞ്ഞുപോക്കുകൾ രാഷ്ട്രീയമായി തടുക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ തീരുമാനം

Update: 2024-03-21 00:56 GMT
Editor : Anas Aseen | By : Web Desk
Advertising

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നാലെ സിപിഎം നേതാക്കളും ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചരണത്തെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ. ദേവീകുളം മുന്‍ എം.എൽ.എ എസ്. രാജേന്ദ്രന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കുമ്പോള്‍ ,അനില്‍ ആന്‍റണിക്കും,പത്മജയ്ക്കും പിന്നാലെ ജില്ലകളിലെ പ്രദേശിക നേതാക്കളും ബിജെപിയില്‍ ചേർന്നതാണ് യുഡിഎഫിന്‍റെ തലവേദന.

ദേശീയ തലത്തില്‍ പാർട്ടിയുടെ പല നേതാക്കളും ബിജെപിയില്‍ ചേർന്നെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന് അത് വലിയ തലവേദന ആയിരുന്നില്ല.അനില്‍ ആന്‍റണിക്ക് പിന്നാലെ കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ കൂടി ബിജെപിയുടെ ഭാഗമായതോടെ തലവേദന തുടങ്ങി.

പിന്നീട് തിരുവനന്തപുരം അടക്കം പല ജില്ലകളിലേയും നേതാക്കളും സംഘപരിവാർ ഭാഗമായതോടെ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് പ്രതിസന്ധിയിലായി.സിപിഎം അതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കി രംഗത്ത് വരുകയും ചെയ്തു.എന്നാല്‍ കോണ്‍ഗ്രസിനെ പോലെ സിപിഎമ്മിന് തലവേദന ആരംഭിച്ചിട്ടുണ്ട്.ദേവീകുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയതാണ് സിപിഎമ്മിനെ വെട്ടിലാക്കിയത്.

എസ്.രാജേന്ദ്രന്‍ പാർട്ടി വിടില്ലെന്ന് സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ പറഞ്ഞെങ്കിലും അതല്ല സംഭവിക്കുന്നത്. പ്ലാന്‍റേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാനായിരിന്നു എന്നായിരിന്നു രാജേന്ദ്രന്‍റെ വിശദീകരണം എങ്കിലും നേതൃത്വം അത് വിശ്വസിക്കുന്നില്ല.രാജേന്ദ്രന്‍ ബിജെപിയിൽ പോയാല്‍ അതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളും പാർട്ടി ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.

ദേവീകുളത്ത് എസ് രാജയെ പരാജയപ്പെടുത്താന്‍ നോക്കിയതിന്‍റെ പേരില്‍ നടപടി നേരിട്ടയാളാണ് രാജേന്ദ്രന്‍ എന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്.എന്തായാലും  നേതാക്കളുടെ കൊഴിഞ്ഞുപോക്കുകൾ രാഷ്ട്രീയമായി തടുത്തില്ലെങ്കില്‍ അത് തെരഞ്ഞെടുപ്പിനെ ചെറിയ തോതില്‍ എങ്കിലും സ്വാധീനിക്കുമെന്ന ഭയം എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ട്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News