തദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈ; പതിനാറിടത്ത് വിജയം

കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷന്‍ എൽ.ഡി.എഫ് നിലനിര്‍ത്തി

Update: 2021-12-08 07:52 GMT
Advertising

സംസ്ഥാനത്തെ തദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മേൽക്കൈ. പതിനാറിടത്ത് എൽ.ഡി.എഫും പതിമൂന്നിടത്ത് യു.ഡി.എഫും വിജയിച്ചു. നിര്‍ണ്ണായക പോരാട്ടം നടന്ന കൊച്ചി കോര്‍പ്പറേഷനിലും ഇരിങ്ങാലക്കുട, പിറവം മുനിസിപ്പാലിറ്റികളിലും അട്ടിമറികളില്ല. കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധിനഗര്‍ ഡിവിഷന്‍ എൽ.ഡി.എഫ് നിലനിര്‍ത്തി. എല്‍.ഡി.എഫിലെ ബിന്ദു ശിവന്‍ 687 വോട്ടിനാണ് യു.ഡി.എഫിലെ പി.ഡി മാര്‍ട്ടിനെ പരാജയപ്പെടുത്തിയത്.

സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയതോടെ കോര്‍പ്പറേഷന്‍ ഭരണത്തിലെ പ്രതിസന്ധി തൽക്കാലത്തേക്ക് മറികടക്കാന്‍ എൽ.ഡി.എഫിനായി. പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പളളിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 20 വോട്ടിന് ജയിച്ചുകയറി. ഇതോടെ മുനിസിപ്പാലിറ്റി ഭരണം നിലനിര്‍ത്താനും ഇടതു മുന്നണിക്കായി. ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനും ഇളക്കമുണ്ടാവില്ല.18ാം വാര്‍ഡിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി മിനി ചാക്കോള 151 വോട്ടിന് വിജയിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് ഡിവിഷനിൽ എൽ.ഡി.എഫ് വിജയം ആവര്‍ത്തിച്ചു . ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളും എൽ.ഡി.എഫ് നിലനിര്‍ത്തി. കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകൾ യു.ഡി.എഫ് നേടി. മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും യു.ഡി.എഫിനാണ് മേൽക്കൈ. കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡും തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പൊന്നാം ചുണ്ട് വാർഡും യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു.

പാലക്കാട് എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സി.പി.എം വിമതൻ അട്ടിമറി വിജയംനേടി. കോട്ടയം കടപ്പുറം പഞ്ചായത്ത് 16ാം വാര്‍ഡിലെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. നിലവിലുളള രണ്ട് സീറ്റുകൾ ബി.ജെ.പിക്ക് നഷ്ടമായപ്പോൾ ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡ് സി.പി.എമ്മിൽ നിന്ന് പിടിച്ചെടുത്തു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News