നിലമ്പൂരില്‍ സ്കൂൾ വിദ്യാർഥിയുടെ മരണം: പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച്; യുഡിഎഫ് പ്രതിഷേധം കെഎസ്ഇബി ഓഫീസിന് മുന്നിൽ
പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് എൽഡിഎഫിന്റെ ആരോപണം
നിലമ്പൂർ: നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവിൽ കാട്ടുപന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് സ്കൂൾ വിദ്യാർഥി മരിച്ച സംഭവത്തിൽ പ്രതിഷേധം തുടര്‍ന്ന് മുന്നണികള്‍. സംഭവമുണ്ടായ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. പഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് എൽഡിഎഫിന്റെ ആരോപണം.കെഎസ്ഇബി ഓഫീസിലേക്ക് യുഡിഎഫും മാര്‍ച്ച് നടത്തും.
അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം നിലമ്പൂരില്‍ തുടരുകയാണ്. കുടുംബയോഗങ്ങളുമായി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് യുഡിഎഫ് കടന്നു. ആര്യാടൻ ഷൗക്കത്തിന്‍റെ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്ന് മുതല്‍ ബൂത്ത് തലത്തിൽ കുടുംബയോഗങ്ങള്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് മണ്ഡലത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
വയനാട് എം.പി പ്രിയങ്ക ഗാന്ധി ഈ മാസം 13ന് നിലമ്പൂരിലെത്തും.മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഈ മാസം 13നും 16നും നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും.
സ്ഥാനാർഥി പര്യടനം തുടരുന്ന എം.സ്വരാജ് ഇന്ന് അമരമ്പലം പഞ്ചായത്തിലാണ് വോട്ട് തേടുന്നത്.സ്വരാജിന്റെ പഞ്ചായത്തുകളിലെ സ്ഥാനാർഥി പര്യടനം നാളെ അവസാനിക്കും.