എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച വിവാദത്തിനിടെ എല്‍ഡിഎഫ് യോഗം ഇന്ന്; പുതിയ മദ്യനയവും ചര്‍ച്ചയായേക്കും

അജിത് കുമാറുമായി ബന്ധപ്പെട്ട് അടക്കമുള്ള വിഷയങ്ങളിലുള്ള വിശദീകരണം മുഖ്യമന്ത്രി യോഗത്തിൽ നൽകിയേക്കും

Update: 2024-09-11 00:55 GMT

തിരുവനന്തപുരം: എഡിജിപി-എം.ആർ അജിത് കുമാർ - ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ എൽഡിഎഫ് യോഗം ഇന്ന് വൈകിട്ട് ചേരും . എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതിൽ മുന്നണിക്കുള്ളിലുള്ള അതൃപ്തി ഇന്ന് ഘടകകക്ഷികൾ യോഗത്തിൽ പ്രകടമാക്കുമോ എന്ന് ഏവരും ഉറ്റുനോക്കുന്നുണ്ട്. അജിത് കുമാറുമായി ബന്ധപ്പെട്ട് അടക്കമുള്ള വിഷയങ്ങളിലുള്ള വിശദീകരണം മുഖ്യമന്ത്രി യോഗത്തിൽ നൽകിയേക്കും. എൽഡിഎഫ് സർക്കാരിന്‍റെ പുതിയ മദ്യനയവും യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.

ആർഎസ്എസിന്‍റെ ജനറൽ സെക്രട്ടറിയുമായി സംസ്ഥാനത്തിന്‍റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കൂടിക്കാഴ്ച നടത്തിയതിലുള്ള വിവാദം കെട്ടടങ്ങും മുമ്പാണ്, ആർഎസ്എസിന്‍റെ മറ്റൊരു പ്രധാനിയായ റാം മാധവിനെ അജിത് കുമാർ കണ്ടു എന്ന വിവരം പുറത്തുവന്നത്. സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്ക് ഇക്കാര്യത്തിൽ കടുത്ത അതൃപ്തിയുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം അത് പരസ്യമായി പ്രകടമാക്കുകയും ചെയ്തു. എന്നിട്ടും എഡിജിപി ക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇന്ന് മുന്നണി യോഗം ചേരുമ്പോൾ ആർജെഡി അടക്കമുള്ളവർ ഈ വിഷയം യോഗത്തിൽ ഉയർത്തിയേക്കും.

Advertising
Advertising

സംഘപരിവാർ വിരുദ്ധ പോരാട്ടമെന്ന് പരസ്യമായി പറയുമ്പോഴും ആർഎസ്എസിന്‍റെ പ്രധാനിയുമായി പൊലീസ് തലപ്പത്തുള്ളയാൾ കൂടിക്കാഴ്ച നടത്തിയതിൽ നടപടിയില്ലാത്തത് പൊതുസമൂഹത്തിന് മുന്നിൽ സംശയത്തിന് ഇട നൽകിയിട്ടുണ്ടെന്ന് ചില ഘടകകക്ഷികൾക്ക് അഭിപ്രായമുണ്ട്. ഇത്തരം നിലപാടുള്ളവർ യോഗത്തിൽ അത് തുറന്നു പറയുമോ എന്നതാണ് ഇനി അറിയേണ്ടത്. എഡിജിപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരിശോധന നടക്കുന്നുണ്ടെന്നും അതിൽ റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറയാനാണ് സാധ്യത. അജിത് കുമാറിനോട്മുമുഖ്യമന്ത്രി മൃദുസമീപനം സ്വീകരിക്കുന്നതിൽ സിപിഎമ്മിനുള്ളിലും എതിരഭിപ്രായമുണ്ട്.

എന്നാൽ മുന്നണി യോഗത്തിൽ അത് ഉയർന്നു വരാൻ സാധ്യത കുറവാണ്.ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിന്‍റെ വാക്കുകളും യോഗത്തിൽ വിമർശനത്തിന് വിധേയമായേക്കും. സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം സംബന്ധിച്ച ഏകദേശ ധാരണ സിപിഎം നേതൃതലത്തിൽ ഉണ്ടായിട്ടുണ്ട്. ഒന്നാം തീയതി ഡ്രൈ ഡേ ഒഴിവാക്കണം എന്ന ആവശ്യം സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നെങ്കിലും അത് പൂർണമായി അംഗീകരിച്ചിട്ടില്ല. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഒന്നാം തീയതി ചില ഇളവുകൾ നൽകുന്നതാണ് പരിഗണയിലുള്ളത്. ഇതും ഇടതുമുന്നണി യോഗത്തിൽ ചർച്ചയ്ക്ക് വരാൻ സാധ്യതയുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News