ബ്രൂവറിക്കെതിരെ സിപിഐ നിലപാട് കടുപ്പിച്ചതോടെ നാളത്തെ ഇടതുമുന്നണി യോഗം നിർണായകമായി

കുടിവെള്ളക്ഷാമം പരിഹരിക്കാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് ആയിരിക്കും സിപിഐ,എൽഡിഎഫ് യോഗത്തിൽ ആവർത്തിക്കുക

Update: 2025-02-18 03:05 GMT

പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലക്കെതിരെ സിപിഐ നിലപാട് കടുപ്പിച്ചതോടെ നാളത്തെ ഇടതുമുന്നണി യോഗം നിർണായകമായി. കുടിവെള്ളക്ഷാമം പരിഹരിക്കാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് ആയിരിക്കും സിപിഐ,എൽഡിഎഫ് യോഗത്തിൽ ആവർത്തിക്കുക. ഭൂഗർഭ ജല ചൂഷണം ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയാൽ, സിപിഐ എടുക്കുന്ന നിലപാട് ഏവരും ഉറ്റുനോക്കുന്നുണ്ട്. എൽഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഎം സിപിഐ സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചകൾ ഉണ്ടാകുമെന്ന സൂചനയുണ്ട്.

വർഷങ്ങൾക്ക് ശേഷമാണ് എൽഡിഎഫ് യോഗം, സിപിഐ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ ചേരുന്നത്. അതും സർക്കാരുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ സിപിഎമ്മുമായി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ . അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമാണശാലയ്ക്ക് മന്ത്രിസഭ നൽകിയ അനുമതിയുമായി ബന്ധപ്പെട്ട കാര്യം. സിപിഐയുടെ നാലു മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭായോഗമാണ് മദ്യ നിർമാണശാലയ്ക്ക് അനുമതി നൽകാൻ തീരുമാനമെടുത്തത്.എന്നാൽ പിന്നീട് സിപിഐ എതിർപ്പുമായി രംഗത്ത് വന്നു.

Advertising
Advertising

കുടിവെള്ളക്ഷാമം നേരിടുന്ന പാലക്കാട് ജില്ലയിൽ മദ്യനിർമ്മാണശാല ഉണ്ടായാൽ അത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിവെക്കും എന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്‍റെ ഇപ്പോഴത്തെ അഭിപ്രായം.നാളെ ചേരുന്ന മുന്നണി യോഗത്തിൽ സിപിഐ ഇക്കാര്യം അവതരിപ്പിക്കും.അതും സിപിഐ ആസ്ഥാനത്ത് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ. സിപിഐ മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭായോഗം എടുത്ത തീരുമാനത്തെ, പിന്നീട് എങ്ങനെ രാഷ്ട്രീയമായി എതിർക്കുന്നു എന്ന ചോദ്യം മുഖ്യമന്ത്രിയോ, സിപിഎം സംസ്ഥാന സെക്രട്ടറിയോ ഉന്നയിക്കുമോ എന്നതാണ് കൗതുകകരമായ ചോദ്യം.സിപിഐക്ക് പിന്തുണയുമായി ആർജെഡി ഉണ്ടാകും എന്നത് വ്യക്തം.

എന്നാൽ ജല ചൂഷണം ഉണ്ടാകില്ലെന്ന പാലക്കാട് നിന്നുള്ള മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാക്കുകൾ വിശ്വസിച്ച് ജെഡിഎസ് പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന്, മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും എക്സൈസ് മന്ത്രിയും വ്യക്തമാക്കുമ്പോൾ സിപിഎമ്മിൻ്റെ നിലപാടിൽ സംശയമില്ല. ഭൂഗർഭ ജല ചൂഷണം ഉണ്ടാകില്ലെന്നവാദം മുഖ്യമന്ത്രി അടക്കമുള്ളവർ മുന്നോട്ടുവച്ചാൽ സിപിഐ അയയുമോ എന്നതും പ്രസക്തമാണ്. ജല ചൂഷണം ഉണ്ടാകില്ലെന്ന സർക്കാർ വാദം അംഗീകരിച്ച്, പദ്ധതിയെ പിന്തുണച്ചാൽ സിപിഐയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ അത് പിന്നീട് വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും.

പാലക്കാട് ജില്ലാ നേതൃത്വത്തിനൊപ്പം സംസ്ഥാന നേതൃത്വത്തിന്‍റെ ചില നേതാക്കളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടിവരും..സ്വകാര്യ സർവകലാശാലകൾക്കെതിരെ എഐഎസ്എഫും,എ ഐ വൈ എഫും ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.ഇതിനെതിരായ അഭിപ്രായവും എൽഡിഎഫ് യോഗത്തിൽ സിപിഐ അറിയിച്ചേക്കും. കിഫ്ബി ഫണ്ട് വഴി നിർമിച്ച റോഡുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള നീക്കത്തെ സിപിഐ എങ്ങനെ കാണുന്നു എന്നതും നാളത്തെ യോഗത്തിന്‍റെ പ്രസക്തി വർധിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ പ്രതിപക്ഷം ഏറ്റെടുത്ത വിവാദ വിഷയങ്ങളിൽ സിപിഐയുടെ നിലപാടിനെ സിപിഎം എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് അറിയേണ്ടത്. യോഗത്തിന് മുന്നോടിയായി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ ചർച്ച ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News