'ഹരിത' ചോദ്യോത്തര വേളയിൽ ഉന്നയിച്ച് ഭരണപക്ഷം; എതിർത്ത് പ്രതിപക്ഷം

ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍‌ അനുവദിച്ചില്ല. മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കുകയും ചെയ്തു

Update: 2021-10-04 06:05 GMT
Editor : Nisri MK | By : Web Desk
Advertising

'ഹരിത'യെ സംബന്ധിച്ച് നിയമസഭയില്‍ ഭരണപക്ഷം ഉന്നയിച്ച ചോദ്യത്തിനെതിരെ പ്രതിപക്ഷം. ചോദ്യം റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പി പി ചിത്തരഞ്ജൻ ചോദ്യം ഉന്നയിച്ചതോടെയാണ് സഭയില്‍ പ്രതിപക്ഷ ബഹളം ആരംഭിച്ചത്. രാഷ്ട്രീയ ദുരാരോപണം ഉള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ  ശ്രദ്ധിക്കണമെന്ന് സ്പീക്കറോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

സ്ത്രീയ്ക്കു വേണ്ടിയും ആത്മാഭിമാനത്തിനു വേണ്ടിയും ശബ്ദിച്ചതിനു സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം അവരുടെ വനിതാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും കൂടുതല്‍ അവഹേളനത്തിരയാക്കുകയും ചെയ്തതു മൂലം സമൂഹത്തില്‍ ഉളവായ തെറ്റായ പൊതുബോധം മാറ്റിയെടുക്കുന്നതിനു വ്യാപകമായ പ്രചരണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നായിരുന്നു ചിത്തരഞ്ജന്‍റെ ചോദ്യം.

എന്നാല്‍ ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും അത്തരം കാര്യങ്ങള്‍ നിയമസഭയില്‍ ചോദ്യോത്തരമാക്കി മാറ്റി രാഷ്ട്രീയ ചേരിപോര് ഉണ്ടാക്കരുതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ചോദ്യം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ഇതനുവദിച്ചില്ല. ചോദ്യം നേരത്തെ വെബ്സൈറ്റിൽ കൊടുത്തതാണെന്നും ആരും പ്രതിഷേധിച്ചില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കുകയും ചെയ്തു.

"സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള പദ്ധതികൾ സർക്കാർ നടത്തുന്നുണ്ട്. പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന സ്ത്രീവിരുദ്ധ ഇടപെടലിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ മാറി നിൽക്കണം. അതാണ് സർക്കാർ നിലപാട്. സ്ത്രീകൾക്കെതിരായ നീക്കങ്ങൾ സമൂഹത്തിൽ ഇല്ലാതായിട്ടില്ല. സ്ത്രീകളെ അടിച്ചമർത്തുന്നതിനെതിരെ സംസ്ഥാനം പണ്ട് മുതൽ എതിർത്തിട്ടുണ്ട്. സ്ത്രീ സംരക്ഷണത്തിന് സ്വീകരിച്ച പൊതു സമീപനത്തിൻ്റെ തുടർച്ച ഉണ്ടാവണം. ഏതെങ്കിലും ആളുകൾക്ക് അപഭ്രംശം വന്നിട്ടുണ്ടെങ്കിൽ  തിരിച്ചറിഞ്ഞ് തിരുത്തുക. സ്ത്രീകളുടെ തുല്യ പദവിയും തുല്യ നീതിയും അംഗീകരിക്കാനുള്ള നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഒരേ മനസ്സോടെ ഈ കാര്യത്തിന് പ്രവർത്തിക്കണം."- മുഖ്യമന്ത്രി മറുപടി പറഞ്ഞു. ചോദ്യത്തിലെ പോലെ 'ഹരിത' എന്ന പേര് എടുത്തു പറയാതെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.



Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News