കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്. കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പ്, കടൽ കടലിന്റെ മക്കൾക്ക്,പവർകട്ടില്ലാത്ത കാലം തുടരും,ആദ്യത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കും,തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും തുടങ്ങി 60ഇന പരിപാടികളാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കും. പട്ടികവിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, അന്ത്യോദയ കാർഡുടമകൾ തുടങ്ങിയവർക്ക് ഇതിൽ മുൻഗണന നൽകും. വയോജനങ്ങൾക്ക് ആരോഗ്യകരവും ആനന്ദകരവുമായ ജീവിതം ഉറപ്പുവരുത്തും. എല്ലാ ക്ഷേമ പെൻഷനുകളും പ്രതിമാസം 3000 രൂപയായി വർധിപ്പിക്കും. പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും. അഭ്യസ്തവിദ്യരായ യുവാക്കളുടെ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ ലഭ്യമാക്കും. കോളേജുകളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ഹാക്കത്തോണുകളും ഇൻകുബേറ്ററുകളും സ്ഥാപിക്കും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ശക്തമായി തുടരുന്നതിന് ആവശ്യമായ അധിക പണം കണ്ടെത്തുകയും ചെയ്യും.
സംസ്ഥാന വരുമാനത്തിൽ മാനുഫാക്ച്ചറിംഗ് വ്യവസായത്തിന്റെ വിഹിതം 2031-ഓടെ 16 ശതമാനമായി ഉയർത്തും. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായ ഇടനാഴികൾ ഇതിന് അടിത്തറയാകും. ശമ്പള പരിഷ്‌കരണം നടപ്പാക്കും. വിലക്കയറ്റം തടയും, കടൽ കടലിന്റെ മക്കൾക്ക് ഉറപ്പ് വരുത്തും, കെഎസ്‌ആർടിസിയെ ലാഭത്തിലാക്കും, ജലഗതാഗതവും വാട്ടർ മെട്രോയും ശക്തിപ്പെടുത്തും നവകേരളത്തിന് ജനകീയാസൂത്രണ കാമ്പയിൻ, പവർകട്ടില്ലാത്ത കേരളം, ഡിസൈൻഡ് സ്‌മാർട്ട് റോഡുകൾ, അതിവേഗ റെയിൽപാതയും റെയിൽ ഗതാഗത ശൃംഖലയും, താങ്ങുവില വർധന, പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, തോട്ടവിളകൾക്ക് പുതിയ കർമ പരിപാടി, പൊതുമേഖലയെ വിപുലപ്പെടുത്തൽ, ടൂറിസം വളർച്ച, മിഷൻ100000, മനുഷ്യ–വന്യജീവി സംഘർഷം കുറയ്‌ക്കൽ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.