കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക 'ഇന്ദിരാ ഗ്യാരന്റി' പുറത്തിറക്കി. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുന്നതിനൊപ്പം സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും മുൻഗണന നൽകുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ഉമ്മൻചാണ്ടിയുടെ പേരിൽ സൗജന്യ ആരോഗ്യ ഇൻഷുറൻസും, സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ പ്രത്യേക വകുപ്പും പത്രിക വിഭാവനം ചെയ്യുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢിയാണ് പത്രിക പുറത്തിറക്കിയത്.
ക്ഷേമ പെൻഷനുകൾ 3000 രൂപയായി വർധിപ്പിക്കുമെന്നും, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപവരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' പദ്ധതി നടപ്പിലാക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കൂടാതെ, സാമൂഹിക സുരക്ഷാ പെൻഷൻ ഔദാര്യത്തിനു പകരം അവകാശമാക്കുന്നതിനായി നിയമം കൊണ്ടുവരുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.
സ്ത്രീ ശാക്തീകരണത്തിനും യുവജനക്ഷേമത്തിനും വിദ്യാഭ്യാസത്തിനും പ്രകടന പത്രിക വലിയ പ്രാധാന്യം നൽകുന്നുണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നൽകുമെന്നും , യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്‌പ ലഭ്യമാക്കുമെന്നും പത്രിക പറയുന്നു. സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക കുറ്റകൃത്യങ്ങളും സ്ത്രീധന പീഡനങ്ങളും തടയാൻ 'അവൾക്കൊപ്പം' പദ്ധതിയും , സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി 'ഷീ ഹോസ്‌പിറ്റൽ' സംവിധാനവും ആരംഭിക്കും.
വിദ്യാഭ്യാസ മേഖലയിൽ വയനാട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ 'ട്രൈബൽ യൂണിവേഴ്‌സിറ്റി' സ്ഥാപിക്കുമെന്നും , ക്യാമ്പസുകളിൽ റാഗിങ് തടയാൻ 'Sidharthan Anti ragging & Student Welfare Act' നടപ്പിലാക്കുമെന്നും , വിദ്യാർഥികൾക്കെതിരായ ജാതീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ 'രോഹിത് വെമുല നിയമം' കൊണ്ടുവരുമെന്നും പത്രിക ഉറപ്പുനൽകുന്നു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമുള്ള ജില്ലകളിൽ സ്ഥിരമായ അധിക ബാച്ചുകൾ അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്.
സാമൂഹിക സുരക്ഷാ മേഖലയിൽ വിശപ്പു രഹിത കേരളം ഉറപ്പാക്കുന്നതിനായി 'ഇന്ദിര കാൻ്റീനുകൾ' ആരംഭിക്കും. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവിൽ വിവാഹം നടത്താൻ ആധുനിക സൗകര്യങ്ങളുള്ള 'സ്നേഹ സുമംഗലി വിവാഹ മണ്ഡപങ്ങൾ സ്ഥാപിക്കാനും, അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം പേർക്ക് ഭവനം നൽകാനും യുഡിഎഫ് ലക്ഷ്യമിടുന്നു. കാർഷിക, മത്സ്യബന്ധന മേഖലകൾക്കും സുപ്രധാന വാഗ്ദാനങ്ങളുണ്ട്. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നും, റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കി സിയാൽ മോഡലിൽ റബ്ബർ കമ്പനി ആരംഭിക്കുമെന്നും പത്രിക പറയുന്നു. നെല്ലിന് 35 രൂപാ സംഭരണ വില നൽകാനും പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. മത്സ്യത്തൊഴിലാളികൾക്കായി ഫിഷറീസ് സബ് പ്ലാൻ നടപ്പിലാക്കുമെന്നും പത്രിക വ്യക്തമാക്കുന്നു.
വൻകിട പദ്ധതികളും ഭരണപരിഷ്കാരങ്ങളും പത്രികയുടെ ഭാഗമാണ്. കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ എത്തിക്കാൻ ലക്ഷ്യമിട്ട് തീരദേശങ്ങളും നദികളും തടാകങ്ങളും വിമാനത്താവളങ്ങളും സംയോജിപ്പിക്കുന്ന 'മിഷൻ സമുദ്ര' പദ്ധതി ഇതിൽ പ്രധാനപ്പെട്ടതാണ്. വർധിച്ചുവരുന്ന രാഷ്ട്രീയ സംഘട്ടനങ്ങൾക്കും കൊലപാതകങ്ങൾക്കും അറുതി വരുത്താൻ രാജസ്ഥാൻ മാതൃകയിൽ സമാധാന വകുപ്പും, കേരളത്തിൽ മത സൗഹാർദ്ദം ഊട്ടി ഉറപ്പിക്കാൻ മിനിസ്ട്രി ഓഫ് ടോളറൻസും സ്ഥാപിക്കും. ഭരണതലത്തിൽ അഴിമതി ഇല്ലാതാക്കാൻ സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കുമെന്നും, മയക്കുമരുന്ന് ശൃംഖലകൾ ഇല്ലാതാക്കാൻ 'Break The Drug Chain' പദ്ധതി നടപ്പിലാക്കുമെന്നും യുഡിഎഫ് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.
ആരോഗ്യ മേഖലയിൽ കൂടുതൽ ക്ഷേമപദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കാരുണ്യ ബെനവെലെൻ്റ് ഫണ്ട്, ശ്രുതി തരംഗം പദ്ധതികൾ പുനരാരംഭിക്കും. ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് ഡയാലിസിസ് സൗജന്യമാക്കും. പോണ്ടിച്ചേരി ജിപ്‌മർ മാതൃകയിൽ നോ ബിൽ (ബിൽ രഹിത) ആശുപത്രികൾ തുടങ്ങും. ആശാ വർക്കർമാരുടെ ദിവസ വേതനം കുറഞ്ഞത് 700 രൂപയാക്കുകയും, അംഗനവാടി, പാചക തൊഴിലാളികളുടെ വേതനം പരിഷ്കരിക്കുകയും ചെയ്യും. സർക്കാർ ആശുപത്രികളിൽ സേവനത്തിനായി 'കർമ സേന' രൂപീകരിക്കും.
തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ മെട്രോ/ലൈറ്റ് മെട്രോ പദ്ധതിയും , ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് ഹൈ സ്‌പീഡ് കോറിഡോറും നടപ്പിലാക്കും. വിമാനത്താവളങ്ങളുടെ വികസനവും ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും അടങ്ങുന്ന സമഗ്ര വ്യോമയാന വികസനം. ടൂറിസത്തെ ഇൻഡസ്ട്രിയായി പ്രഖ്യാപിക്കുകയും, ആഗോള ഭക്ഷ്യ ടൂറിസം കേന്ദ്രമാക്കാൻ പാചക ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയും ചെയ്യും.10,000 പുതിയ എംഎസ്എംഇ (MSME) സംരംഭങ്ങൾ ആരംഭിക്കാൻ സമഗ്ര പദ്ധതി.
2036 ഒളിമ്പിക്സിൽ മത്സരിക്കാൻ താരങ്ങളെ വാർത്തെടുക്കാൻ 'വിഷൻ 2036'. ഏകദേശം 5.5 ലക്ഷത്തോളം ഏക്കർ ഭൂമി ഏറ്റെടുത്ത് ദലിത് ആദിവാസികൾക്കും ഭൂരഹിതർക്കും നൽകും. വനാവകാശ നിയമം, PESA എന്നിവ പൂർണമായും നടപ്പിലാക്കും. പുതിയ പെൻഷൻ പദ്ധതി ജീവനക്കാർക്ക് അനുകൂലമായി പരിഷ്‌കരിക്കുകയും, പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനുള്ള പ്രായപരിധി ഒഴിവാക്കുകയും ചെയ്യും. മത്സ്യബന്ധന ബോട്ടുകൾ, കെഎസ്ആർടിസി, ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഇന്ധന സബ്‌സിഡി ലഭ്യമാക്കും.