കെപിസിസി ഭാരവാഹിപ്പട്ടികയിൽ അതൃപ്‌തിയുമായി നേതാക്കൾ; പ്രധാനപ്പെട്ടവരെ തഴഞ്ഞെന്ന് എ ഗ്രൂപ്പ്
'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ഫേസ്ബുക്കിലൂടെ ഷമ ചോദിച്ചത്.
Photo| Special Arrangement
ന്യൂഡൽഹി: കെപിസിസി ജംബോ ഭാരവാഹിപ്പട്ടികയിൽ അസംതൃപ്‌തിയുമായി നേതാക്കൾ. പ്രധാനനേതാക്കളെ തഴഞ്ഞെന്ന് എ ഗ്രൂപ്പിന് അമർഷമുണ്ട്. സെക്രട്ടറി പട്ടിക പുറത്തുവരുമ്പോൾ അസംതൃപ്തി കെട്ടടങ്ങുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
മുൻ ഡിസിസി പ്രസിഡൻ്റുമാരായ കെ.സി അബു, ഒ. അബ്ദുറഹ്മാൻകുട്ടി എന്നിവരെ ഒഴിവാക്കിയതിലാണ് എ ഗ്രൂപ്പിൻ്റെ പ്രതിഷേധം. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ചേർന്നുനിൽക്കുന്നവരാണ് പദവിയിലെത്തിയ ഭൂരിഭാഗം പേരും.
ഷമ മുഹമ്മദിനെ പോലുള്ളവർ എതിർപ്പ് പരസ്യമാക്കി രംഗത്തെത്തി. 'കഴിവ് ഒരു മാനദണ്ഡമാണോ' എന്നാണ് ഫേസ്ബുക്കിലൂടെ ഷമ ചോദിച്ചത്. കെ.എം ഹാരിസിൻ്റെ പേരുപറഞ്ഞിട്ടും പരിഗണിക്കാത്തതിൽ കെ.മുരളീധരനും അമർഷമുണ്ട്.
വൈസ് പ്രസിഡൻ്റ് പദവി പ്രതീക്ഷിച്ചിട്ട് ജനറൽ സെക്രട്ടറിയിലേക്ക് ഒതുങ്ങേണ്ടി വന്നതിലെ നിരാശയിലാണ് മുൻ തൃശൂർ ഡിസിസി അധ്യക്ഷൻ എം.പി വിൻസൻ്റ്. അതൃപ്തി ഉള്ളിലുണ്ടെങ്കിലും പരസ്യമാക്കാൻ പലരും തയാറായിട്ടില്ല.
അതേസമയം, അതൃപ്തി വാർത്തകളെ കെപിസിസി തള്ളി. കാര്യമായ അതൃപ്തിയൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും എല്ലാവരുടെയും ഫലപ്രദമായ നിർദേശങ്ങൾ പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്തിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു.
ഇനി സെക്രട്ടറിമാരുടെയും എക്‌സിക്യുട്ടീവ് അംഗങ്ങളുടേയും പട്ടിക വരാനുണ്ട്. അതുകൂടിയാകുമ്പോൾ സമ്പൂർണ തൃപ്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിമാരുടെ പട്ടിക വൈകുന്നതിലെ വിഷമം പ്രതിപക്ഷനേതാവ് പങ്കുവച്ചു. കെപിസിസി സെക്രട്ടറിമാരുടെയും എക്സിക്യൂട്ടിവിൻ്റേയും പട്ടിക അടുത്തയാഴ്ച പുറത്തുവിടാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന പട്ടികയാണ് ഇന്നലെ എഐസിസി പുറത്തുവിട്ടത്. രാഷ്ട്രീയകാര്യ സമിതിയിലേക്ക് പുതുതായി ആറു പേരെ കൂടി ഉൾപ്പെടുത്തുകയും ചെയ്തു.
വി.എ നാരായണനെ ട്രഷററായും സന്ദീപ് വാര്യറെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ മണി, സി.പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ പുതിയ അംഗങ്ങൾ.
ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
ആര്യാടൻ ഷൗക്കത്ത്, ജ്യോതികുമാർ ചാമക്കാല, പി. ജർമിയാസ്, അനിൽ അക്കര, കെ.എസ് ശബരീനാഥൻ, ബി.ആർ.എം ഷഫീർ, വിദ്യ ബാലകൃഷ്ണൻ, സൈമൺ അലക്സ് എന്നിവരുൾപ്പെടെയുള്ളവരാണ് ജനറൽ സെക്രട്ടറിമാർ.