മലപ്പുറം കിഴിശ്ശേരി റീജിയണൽ കോളജിൽ യൂണിയൻ വിജയിച്ചെന്ന് എസ്എഫ്ഐ; തങ്ങളാണ് ജയിച്ചതെന്ന് എഐഎസ്എഫ്
ചരിത്രത്തിൽ ആദ്യമായി റീജിയണൽ കോളജിൽ എസ്എഫ്ഐ യൂണിയൻ എന്നാണ് എസ്എഫ്ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റ്
Photo| Google
മലപ്പുറം: മലപ്പുറത്ത് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തെ ചൊല്ലി ഇടത് വിദ്യാർഥി സംഘടനകൾ തമ്മിൽ തർക്കം. കിഴിശ്ശേരി റീജിയണൽ കോളജിൽ യൂണിയൻ വിജയിച്ചെന്ന് എസ്എഫ്ഐ. എന്നാൽ തങ്ങളാണ് ജയിച്ചതെന്ന അവകാശവാദവുമായി എഐഎസ്എഫ് രംഗത്തെത്തി.
ചരിത്രത്തിൽ ആദ്യമായി റീജിയണൽ കോളജിൽ എസ്എഫ്ഐ യൂണിയൻ എന്നാണ് എസ്എഫ്ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റ് . ഇതിനെതിരെ എഐഎസ്എഫ് നേതാക്കൾ രംഗത്തെത്തുകയായിരുന്നു. എസ്എഫ്ഐ എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണെന്നാണ് എഐഎസ്എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ബി. ദർശിത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മലപ്പുറം കീഴ്ശ്ശേരി റീജിയണൽ കോളേജിൽ വിദ്യാർഥി യൂണിയൻ പിടിച്ചടക്കി എഐഎസ്എഫ്. MHR നെ ക്യാമ്പസിൽ കൊണ്ട് വന്നത് എഐഎസ്എഫ് കോളജിൽ ഫുഡ് ഫെസ്റ്റ് നടത്തിയത് എഐഎസ്എഫ്. പിള്ളേർക്ക് കെട്ടിവെക്കാനുള്ള നോമിനേഷൻ പൈസ മുഴുവനും നൽകിയത് എഐഎസ്എഫ് ബഹുഭൂരിപക്ഷം ജനറൽ സീറ്റുകളിലും വിജയിച്ചത് എഐഎസ്എഫ്. വിജയാഘോഷം നടത്തിയത് എഐഎസ്എഫ്. അവസാനം ചില എട്ടുകാലി മമ്മൂഞ്ഞുമാർ പറയുകയാണ് ഞങ്ങൾ ഏറനാട്ടിലെ കോട്ട പൊളിച്ചു എന്ന്. എന്തെങ്കിലും അവിടെ ഉണ്ടെങ്കിൽ അത് അവിടെത്തെ എഐഎസ്എഫ്ക്കാരുടെ ഔദാര്യം.
അതേസമയം പാലക്കാട് മണ്ണാര്‍ക്കാട് എംഇഎസ് കോളജിൽ എസ്എഎഫ്ഐക്ക് വോട്ട് ചെയ്ത കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെഎസ്‍യു സംസ്ഥാന നേതൃത്വം അറിയിച്ചു.