രണ്ടര വയസുകാരിയെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം
2018 ഫെബ്രുവരിയിൽ മുട്ടടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. ജയകൃഷ്ണൻ വിധിച്ചു.
രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരിയിൽ മുട്ടടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ. ജയകൃഷ്ണൻ വിധിച്ചു. കുട്ടി തറ്റേതെല്ലായെന്ന് ആരോപിച്ച് സ്വന്തം മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറഞ്ഞു.
മകളുടെ പിതൃത്വത്തിൽ സംശയമുള്ള പ്രതി രണ്ടര വയസുകാരിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയും ഭാര്യയും മകളും ഭാര്യയുടെ രക്ഷിതാക്കളും ഒരുമിച്ചാണ് താമസം. സംഭവ ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടക്കുന്നത്. കുട്ടി രാത്രി സമയങ്ങളിൽ ഉൾപ്പെടെ സ്ഥിരമായി കരയുകയും മൂത്രം ഒഴിക്കുമ്പോൾ വേദനയെന്നും പറഞ്ഞിരുന്നു. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് സ്വകാര്യ ഭാഗത്തുള്ള മുറിവ് അമ്മ കണ്ടത്. മുറിവ് എങ്ങനെയുണ്ടായെന്ന് ചോദിച്ചപ്പോൾ കുട്ടി കരയുകയല്ലാതെ മറുപടി പറഞ്ഞില്ല.
എന്നാൽ പ്രതിയെ ഭാര്യയ്ക്ക് സംശയമുണ്ടായിരുന്നു. പ്രസവിച്ചത് മുതൽ കുട്ടി തന്റേതല്ലെന്ന് പറഞ്ഞ് പ്രതി ഭാര്യയെ മർദിക്കാറുണ്ടായിരുന്നു. കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പലതവണ ആവശ്യപ്പെട്ടിരുന്നു. ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മ നേരിൽ കണ്ടു. ഇവർ ബഹളം വെച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും പ്രതി കുട്ടിയെ പീഡിപ്പിച്ചതോടെ അമ്മയുടെ രക്ഷിതാക്കളുടെ അടുത്തേക്ക് കുട്ടിയെ മാറ്റി.
എന്നാൽ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ മുറിവ് ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ ഇടപെട്ടാണ് പോലീസിൽ വിവരം അറിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. രണ്ടര വയസുകാരിയായതിനാൽ കുട്ടിയെ സാക്ഷിയാക്കാൻ പറ്റിയില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പേരുർക്കട സി.ഐയായിരുന്ന കെ. സ്റ്റുവർട്ട് കീലറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.