തിരുവനന്തപുരം കാപ്പിൽ ബീച്ചിൽ മാധ്യമ പ്രവർത്തകനെ തിരയിൽപ്പെട്ട് കാണാതായി

കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.

Update: 2024-10-12 16:17 GMT

തിരുവനന്തപുരം: വർക്കല കാപ്പിൽ പൊഴിമുഖത്ത് പ്രാദേശിക മാധ്യമ‌പ്രവർത്തകനെ തിരയിൽപ്പെട്ട് കാണാതായി. പരവൂർ സ്വദേശി ശ്രീകുമാർ (47)നെയാണ് കാണാതായത്. പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.

കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. കായൽപ്പൊഴിയിൽ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. കുളിക്കുന്നതിനിടെ മൂന്നരയോടെ ശ്രീകുമാർ വെള്ളത്തിലേക്ക് വീഴുകയും ഒഴുകിപ്പോവുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്സുമടക്കമുള്ളവർ ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല.

Advertising
Advertising

അടിയൊഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. എസിവി ന്യൂസ്, പരവൂർ ന്യൂസ്, കേരള കൗമുദി തുടങ്ങിയ മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് കാണാതായ ശ്രീകുമാർ.

സമീപകാലത്ത് നിരവധി അപകടങ്ങൾ ഉണ്ടാവുന്ന പ്രദേശമാണ് കാപ്പിൽ ബീച്ച്. പരവൂർ, കൊല്ലം, വർക്കല പ്രദേശത്തുള്ളവർ കൂടുതലും വിനോദസഞ്ചാരത്തിന് എത്തുന്ന സ്ഥലമാണ് ഇവിടം. ഇവിടെ ലൈഫ് ഗാർഡുകളുടെ എണ്ണം കുറവാണെന്ന ആക്ഷേപം ഉയർന്നിരുന്നു. സ്ഥലത്ത് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News