'അത്രേം പൊക്കത്തിൽ നിന്നാണ് മണ്ണിടിഞ്ഞ് വന്നത്, അപകടമുണ്ടായിട്ടും തിരിഞ്ഞുനോക്കിയില്ല'; ദേശീയപാത അതോറിറ്റിക്കെതിരെ നാട്ടുകാർ
ആദ്യഘട്ടത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ദേശീയപാത അതോറ്റി ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ പറയുന്നു
അടിമാലി: ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അപകടമുണ്ടായിട്ടും ദേശീയപാത അതോറ്റി ഇതുവരെ തിരിഞ്ഞുനോക്കിയില്ലെന്നും ആദ്യഘട്ടത്തിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ ഒരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ പറയുന്നു
കഴിഞ്ഞദിവസം പത്തടിയോളം ഉയരത്തിൽ നിന്ന് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു.ഇതുമൂലം മൂന്നാർ ഭാഗത്തേക്കുള്ള റോഡ് ഗതാഗതം പൂർണമായും തടസ്സപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മണ്ണ് നീക്കാനോ, വേണ്ട നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. അതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി ഇവിടുത്തെ 22 കുടുംബങ്ങളോട് മാറിത്താമസിക്കാൻ പറഞ്ഞത്.
ഇന്നലെ രാത്രി ഒമ്പതേകാലിനാണ് ആദ്യ മണ്ണിടിച്ചിലുണ്ടായത്. ഇതിന് പിന്നാലെ കുടുംബങ്ങളെ അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റി. ഒമ്പതരയോടെയാണ് കൂടുതല്‍ മണ്ണ് ഇടിഞ്ഞത്. റോഡിന്‍റെ സംരക്ഷണ ഭിത്തിക്കുള്ളിൽ നിറച്ച മണ്ണാണ് ഇടിഞ്ഞുവീണത്. എന്നാൽ കുടുംബവീട്ടിലേക്ക് മാറിത്താമസിച്ച ബിജുവും സന്ധ്യയും സർട്ടിഫിക്കറ്റുകളെടുക്കാൻ എത്തിയപ്പോൾ അപകടമുണ്ടാകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്. ഒരു കുടുംബം പൂർണമായും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ഇവരെ പുറത്തെടുത്തത്. കനത്ത മഴയെത്തുടര്‍ന്നാണ് മണ്ണിടിഞ്ഞ് വീണത്.