കോൺഗ്രസ് സ്ഥാനാർഥികളുമെത്തി: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാഹളം

സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ പ്രചാരണവിഷയങ്ങളിലായിരിക്കും ഇനി മുന്നണികളുടെ കണ്ണും കാതും

Update: 2024-03-08 16:46 GMT
Advertising

തിരുവനന്തപുരം: കോൺഗ്രസ് കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാഹളം സംസ്ഥാനത്ത് മുഴങ്ങി. തെരഞ്ഞെടുപ്പ് തിയതി ആയിട്ടില്ലെങ്കിലും കേരളത്തിലെ കളം നിറഞ്ഞിരിക്കുകയാണ്. കേരളത്തിലെ രാഷ്ട്രീയത്തിന്റെ സൗന്ദര്യം പൂർണതോതിൽ പുറത്ത് വരുന്നത് തെരഞ്ഞെടുപ്പ് സമയങ്ങളിലാണ്. രാഷ്ട്രീയപാർട്ടികൾ സകല അടവുകളും പുറത്തെടുക്കുന്ന സമയം. രാഷ്ട്രീയ പാർട്ടികളുടെ സകല അടവുകളും വരും നാളുകളിൽ പുറത്ത് വരും. മാസപ്പടി മുതൽ പത്മജ വരെ രാഷ്ട്രീയ കേരളത്തെ ചൂട് പിടിപ്പിക്കും. എൽഡിഎഫും യുഡിഎഫും ട്വൻറി ട്വൻറി അവകാശപ്പെടുമ്പോൾ ഒരു സീറ്റെങ്കിലും നേടി മാനം കാക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി.

ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ് അങ്കത്തട്ടിലിറങ്ങി. എല്ലാവരും അതാത് മണ്ഡലങ്ങളിലെ നിയമസഭ മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തി. മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ട് പിന്തുണയും അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് ഓട്ടത്തിന്റെ ആദ്യലാപ്പിൽ നേരിയ മേൽക്കൈ ഇടത് സ്ഥാനാർത്ഥികൾ നേടിയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം. എൽഡിഎഫിനെ അപേക്ഷിച്ച് ചെറുതായി ഒന്ന് വൈകിയെങ്കിലും യുഡിഎഫ് തെരഞ്ഞെടുപ്പ് ട്രാക്കിൽ ഒട്ടും പിന്നിലല്ല. മത്സരിക്കുന്നതിൽ മിക്കതും സിറ്റിങ് എംപിമാർ കൊണ്ട് അവർ പരസ്യപ്രചാരണം നടത്തിയില്ലെങ്കിലും മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെയായിരിന്നു. ഒരു സീറ്റെങ്കിലും ലക്ഷ്യം വച്ചാണ് ബിജെപിയുടെ ഇറക്കം. അതിന് ജനങ്ങൾ അവസരം നൽകുമോയെന്ന് കാത്തിരുന്ന് കാണണം. ഒന്നു രണ്ട് മണ്ഡലങ്ങളിൽ ത്രികോണ പോരാട്ടം ഉണ്ടെങ്കിലും ബാക്കിയുള്ള സ്ഥലങ്ങളിൽ എൽഡിഎഫും യുഡിഎഫും നേർക്ക് നേരാണ് പോരാട്ടം.

സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ പ്രചാരണവിഷയങ്ങളിലായിരിക്കും ഇനി മുന്നണികളുടെ കണ്ണും കാതും. രണ്ട് മുന്നണികൾക്കും വിഷയങ്ങൾ നിരവധി. ഏറ്റവും ഒടുവിൽ വീണ് കിട്ടിയ പത്മജയുടെ ബിജെപി പ്രവേശനം എൽഡിഎഫിന് ബോണസാണ്. കോൺഗ്രസ് നേതാക്കളെ ജയിപ്പിച്ചാൽ ബിജെപിയിൽ പോകുമെന്ന പ്രചരണത്തിന് ആക്കം കൂട്ടി. എല്ലാ മണ്ഡലങ്ങളിലും ഇത് പറയാനാണ് എൽഡിഎഫ് തീരുമാനം. ന്യൂനപക്ഷവോട്ട് ബാങ്കിൽ കാര്യമായി കണ്ണ് വയ്ക്കുന്ന ഇടത് മുന്നണി ഫലസ്തീൻ, മണിപ്പൂർ വിഷയങ്ങൾ ആളിക്കത്തിക്കും. അയോധ്യ ക്ഷേത്ര വിഷയത്തിലെ കോൺഗ്രസിന്റെ അയഞ്ഞ നിലപാട് ഉയർത്തി അവർക്ക് മൃദുഹിന്ദുത്വമാണെന്ന് പറയും. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നത് മുഖ്യമന്ത്രി അടക്കമുള്ളവർ ഉയർത്തും.

യുഡിഎഫിന്റെ കയ്യിലുമുണ്ട് മറുമരുന്ന്. മാസപ്പടിയാണ് പ്രധാന പ്രചാരണവിഷയം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചായിരിക്കും പ്രചാരണം. ക്ഷേമപെൻഷൻ നൽകാത്തതും വന്യജീവി അക്രമണവും വയനാട് പൂക്കോട് വെറ്ററിനറി സർവ്വകാലശാലയിലെ സിദ്ധാർത്ഥിന്റെ മരണം വരെ യുഡിഎഫിന്റെ കയ്യിലുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്ന് പ്രതിപക്ഷം ജനങ്ങളോട് പറയും. പത്മജ വിഷയത്തിൽ കാര്യമായ പ്രതികരണം വേണ്ടെന്നാണ് നേതാക്കളുടെ തീരുമാനം. എന്തായാലും ഇനി മുതൽ തെരഞ്ഞെടുപ്പ് വരെ കൊണ്ടും കൊടുത്തും രാഷ്ട്രീയ നേതാക്കൾ കളം നിറയുമെന്നുറപ്പ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News